Site iconSite icon Janayugom Online

സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടില്ല; ഉക്രൈനുള്ള സൈനിക സഹായം നിർത്തി യുഎസ്

ഉക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കാണാത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി യുഎസ്. ഉക്രൈനുള്ള സൈനിക സഹായം നിർത്തുവാൻ വൈറ്റ്ഹൗസ് തീരുമാനിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇത് ശാശ്വതമായ സഹായം അവസാനിപ്പിക്കലല്ല, താൽക്കാലിക വിരാമമാണെന്നും യു എസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. 

എത്രത്തോളം സഹായം താൽക്കാലികമായി നിർത്തുമെന്ന് വ്യക്തമല്ല, എന്നാൽ ഉക്രൈനുള്ള യുഎസ് സൈനിക പിന്തുണ അവസാനിക്കുന്നത് പ്രതിരോധ രംഗത്ത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. അടുത്ത വേനൽക്കാലം വരെ റഷ്യയുമായി യുദ്ധം ചെയ്യാനുള്ള സാധനങ്ങൾ മാത്രമേ ഉക്രൈന്റെ കൈവശമുള്ളൂവെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സെലെൻസ്‌കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല. യുദ്ധം മതിയാക്കണമെന്നു നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദം ചെലുത്തുന്നുണ്ട്. 

എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല. ജോ ബൈഡൻ സർക്കാർ ഉക്രൈന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ട്രംപ് പുതിയ സഹായമൊന്നും അംഗീകരിച്ചിട്ടില്ല.

Exit mobile version