Site iconSite icon Janayugom Online

അസംബ്ലിക്കിടെ കാലുകൊണ്ട് ശബ്ദമുണ്ടാക്കിയതിന് അധ്യാപകൻ കർണപടം അടിച്ച് തകർത്തു; പത്താം ക്ലാസുകാരന് അടിയന്തിര ശസ്‌ത്രക്രീയ

അസംബ്ലിക്കിടെ കാലുകൊണ്ട് ശബ്ദമുണ്ടാക്കിയതിന് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. കർണപടം തകർന്ന പത്താം ക്ലാസുകാരന് അടിയന്തിര ശസ്‌ത്രക്രീയ നടത്തണമെന്ന് ഡോക്ടർമാർ. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് മുഖത്ത് അടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയും തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇഎൻടിയെ കാണുകയും പരിശോധന നടത്തുകയും ചെയ്തു. വലതു ചെവിക്ക് കേൾവി കുറവുണ്ടെന്നും കർണപടം പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Exit mobile version