കട്ട നിർമാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമെന്റ് കട്ട കമ്പനി ഉടമയുമായ കുമ്പഴ വെട്ടൂർ ചാങ്ങയിൽ ബാബുക്കുട്ടനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് ഉച്ചക്ക് 2.40ന് ആയിരുന്നു സംഭവം. വെട്ടൂരുള്ള വീട്ടിൽ നിന്ന് ബാബുക്കുട്ടനെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളം കൂട്ടി പിന്നാലെ ഓടിയെങ്കിലും വാഹനം നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ കല്ലെടുത്ത് കാറിന് നേര്‍ക്കെറിഞ്ഞു. കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ ഏറില്‍ തകര്‍ന്നിട്ടുണ്ട്. കാർ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസി ടിവികളിൽ പതിഞ്ഞിട്ടുണ്ട്. ബാബുക്കുട്ടന് ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്നമുള്ളതായും അറിവില്ല. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവികളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
English Summary;The temple advisory committee president was abducted
You may also like this video