Site iconSite icon Janayugom Online

ക്ഷേത്രധനം കല്യാണമണ്ഡപം പണിയാനുള്ളതല്ല; സുപ്രീം കോടതി

വിശ്വാസികൾ ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് കല്യാണമണ്ഡപം പണിയാനല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങൾ പണിയാനുള്ള തമിഴ്‌നാട് സർക്കാരിൻ്റെ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ നൽകാൻ സുപ്രീംകോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയുമടങ്ങിയ ബെഞ്ചാണ് നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. “വിശ്വാസികൾ ക്ഷേത്രത്തിന് സംഭാവന നൽകുന്നത് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യംവെച്ചാണ്. അല്ലാതെ കല്യാണമണ്ഡപങ്ങൾ പണിയാനല്ല. വൃത്തികെട്ട പാട്ടുകളും വെച്ച് വിവാഹസംഘത്തിന് കല്യാണമണ്ഡപത്തിലെത്താനാണോ ക്ഷേത്ര ഭൂമി ഉപയോഗിക്കേണ്ടത്?” – ബെഞ്ച് ചോദിച്ചു. കൂടാതെ, “വിദ്യാഭ്യാസാവശ്യങ്ങൾക്കോ ആശുപത്രികൾ സ്ഥാപിക്കാനോ ആണ് ഈ പണം ഉപയോഗിക്കുന്നതെങ്കിൽ പിന്നെയും ന്യായീകരണമുണ്ട്” എന്നും കോടതി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളിൽ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങൾ പണിയാനുള്ള തമിഴ്‌നാട് സർക്കാരിൻ്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓഗസ്റ്റ് 19ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചത്. അപ്പീലിൽ നവംബർ 19ന് വിശദമായ വാദം കേൾക്കും.

Exit mobile version