Site iconSite icon Janayugom Online

കുഴിയിൽ വീണ കടുവയെ കൂട്ടിലാക്കി

കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിയിലൂടെ പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവയും നായയും വീണത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുക്കാനുള്ള ദൗത്യം വിജയത്തിലെത്തിച്ചത്. കേരള-തമിഴ്‌നാട് അതിർത്തിയിൽ വനമേഖലയോട് ചേർന്നുള്ള പ്രദേശമാണ് അണക്കര ചെല്ലാർകോവിൽമെട്ട്. കടുവയുടെ സാന്നിധ്യമുള്ള മേഖലയല്ല ഇതെന്ന് നാട്ടുകാർ പറയുന്നു. 

വയലിൽ സണ്ണി എന്നയാളുടെ തോട്ടത്തിലെ ചവറും മറ്റും ഇടുന്നതിനായി ഉണ്ടാക്കിയ കുഴിയിലാണ് കടുവ വീണത്. ഞായറാഴ്ച പുലർച്ചെ നായയുടെ കുരകേട്ടാണ് സണ്ണി കുഴിയിൽ നോക്കിയത്. പിന്നാലെ ഇദ്ദേഹം വനംവകുപ്പിനെ വിവരം അറിയിച്ചു. കടുവയോടൊപ്പം നായയും വീണിരുന്നു. നായയെ ഓടിച്ചുവന്ന വഴിക്കായിരിക്കാം കടുവ കുഴിയിലേക്ക് വീണതെന്നാണ് നിഗമനം. പെരിയാർ കടുവാ സങ്കേതത്തിൽനിന്നുള്ള മൃഗഡോക്ടറും വന പാലകരും എത്തിയാണ് കടുവയെ മയക്കുവെടി വച്ചത്. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കുശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നുവിടും. നായയും കുഴിയിൽ ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക.

Exit mobile version