Site iconSite icon Janayugom Online

കള്ള് ചെത്ത് വ്യവസായത്തെ
സംരക്ഷിക്കണം; കെ സലിം കുമാർ

പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ സലിംകുമാർ ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസി നേതൃത്വത്തിൽ തൊടുപുഴ എക്സൈസ് ഓഫീസിന് മുമ്പിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ. കള്ള് ചെത്ത് വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ദിനംപ്രതി പെരുകിവരുന്ന വിദേശ മദ്യശാലകളുടെ കടന്നു വരവിന്റെ ഫലമായി കള്ളിൽ നിന്ന് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിരവധി കള്ള് ഷാപ്പുകൾ അടഞ്ഞുകിടക്കുകയാണ്. ഷാപ്പുകൾ തുറക്കാൻ ദൂരപരിധി വലിയ തടസമായി തീർന്നിരിക്കുകയാണ്. വിദേശ മദ്യത്തിനും ബാറുകൾക്കും 50 മീറ്റർ മതി എന്നാൽ കള്ള് ഷാപ്പുകൾക്ക് 400 മീറ്ററാണ് ദൂരപരിധി. ഇത് അംഗീകരിക്കുവാൻ കഴിയാത്തതാണ്.

കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ ഏറ്റവും അത്യന്താപേക്ഷിതമായ ടോഡി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമായിട്ടില്ല. പൂട്ടിക്കിടക്കുന്ന കള്ള് ഷാപ്പുകൾ ടോഡി ബോർഡ് ഏറ്റെടുത്ത് തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം. കള്ള് ഷാപ്പുകളിൽ പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക് പകരം തൊഴിലാളികളെ നിയമിക്കുക. തുടങ്ങി കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണ്ണയും. എഐടിയുസി തൊടുപുഴ മണ്ഡലം പ്രസിഡന്റ് വി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. മദ്യവ്യവസായ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ജോയി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അഫ്സൽ, പി എസ് സുരേഷ് പി എൻ വിജയൻ, ടി എസ് വിനയൻ, കെ ആർ സാൽമോൻ, കെ എൻ ശശി, കെ കെ സുരേഷ്, വി കെ വിജു, കെ എം അനൂപ് എന്നിവർ പ്രസംഗിച്ചു.

Exit mobile version