Site iconSite icon Janayugom Online

വ്യാപാര യുദ്ധം മുറുകി; ഇന്ത്യക്കും ഇളവില്ല

ലോക വ്യാപാരയുദ്ധം രൂക്ഷമാക്കി യുഎസിന്റെ പകരച്ചുങ്കം ഇന്ന് മുതല്‍. ഇന്ത്യക്ക് ഇളവൊന്നുമുണ്ടാകില്ലെന്നും ഉറപ്പായി. അന്യായമായ ഉയര്‍ന്ന നിരക്കുകള്‍ ചുമത്തി യുഎസ് കയറ്റുമതിക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും വൈറ്റ് ഹൗസ് കഴിഞ്ഞദിവസം ഉള്‍പ്പെടുത്തി.
വ്യത്യസ്ത രാഷ്ട്രങ്ങൾക്ക് വ്യത്യസ്ത ഇറക്കുമതി നികുതി നിരക്കുകളോ, അതോ എല്ലാ രാജ്യങ്ങൾക്കും ബാധകമാവുന്ന ഒരൊറ്റ നികുതി നിരക്കോ എന്നിവയില്‍ ഏതാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നികുതി പ്രഖ്യാപനം ട്രംപ് നേരിട്ടായിരിക്കും നടത്തുകയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
എല്ലാ രാജ്യങ്ങൾക്കും ബാധകമാവുന്ന 20 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തുകയെന്നതാണ് ട്രംപിന് മുന്നിലുള്ള ഒരു നിര്‍ദേശം. വ്യത്യസ്ത രാജ്യങ്ങൾക്കുമേൽ വ്യത്യസ്ത നിരക്കുകളും അതിനൊപ്പം പ്രത്യേക ഉല്പന്നങ്ങളില്‍ കൂടുതൽ നിരക്കുകൾ ഏർപ്പെടുത്തുകയെന്നതും പരിഗണനയിലുണ്ട്. തീരുവകളിൽ പരസ്പര തുല്യത എന്ന രണ്ടാമത്തെ സമീപനത്തിനാണ് അവസാനഘട്ടത്തില്‍ മുന്‍തൂക്കം ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. തീരുവ 25 ശതമാനം ഉയര്‍ത്തിയാല്‍ ഇന്ത്യ നേരിടേണ്ടിവരിക 3,100 കോടിഡോളറിന്റെ നഷ്ടമായിരിക്കും. 10 ശതമാനം താരിഫ് നിശ്ചയിച്ചാല്‍പ്പോലും ഇന്ത്യക്ക് യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 600 കോടി ഡോളര്‍ നഷ്ടമുണ്ടാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചർച്ച നടന്നിരുന്നു. ബിടിഎയുടെ ഒരുഭാഗത്തിന്റെ കാര്യത്തില്‍ ഈ വർഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാൻ ധാരണയിലെത്തിയെങ്കിലും തീരുവയിളവ് സംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ല. വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. അമേരിക്കന്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇന്നലെ വിമര്‍ശിച്ചു. ഈ ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉല്പന്നങ്ങള്‍ക്ക് ഈ വിപണികളില്‍ പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണത്താല്‍ യുഎസില്‍ പല ബിസിനസുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഉയര്‍ന്ന നിരക്ക് കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഓഹരിവിപണിയില്‍ കനത്ത ഇടിവ്

ലോക വ്യാപാര യുദ്ധ ആശങ്കയില്‍ യുഎസിലെ അടക്കം ആഗോള ഓഹരിവിപണികളെല്ലാം ഇന്നലെ ഇടിവ് രേഖപ്പെടുത്തി. പരസ്പര താരിഫില്‍ ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സെൻസെക്സും നിഫ്റ്റിയും 1.5 ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 1,390.41 പോയിന്റ് ഇടിഞ്ഞ് 76,024.51 ലും നിഫ്റ്റി 353.65 പോയിന്റ് ഇടിഞ്ഞ് 23,165.70 ലും ക്ലോസ് ചെയ്തു.

ഇന്ത്യ നികുതി കുറയ്ക്ക: ട്രംപ്

ഇന്ത്യ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നും യുഎസും ഒരു വ്യാപാര കരാറിന് തയ്യാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാര്‍ഷികോല്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് നികുതി കുറച്ച് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ മോഡി സര്‍ക്കാര്‍ വഴിയൊരുക്കി കൊടുക്കുമെന്നാണ് യുഎസ് പ്രതീക്ഷ. ഒപ്പം നിരവധി ഉല്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയും ചെയ്തു.
ബദാം, ക്രാന്‍ബെറി, ബര്‍ബണ്‍ വിസ്കി എന്നിവയുള്‍പ്പെടെ 2,300 കോടി ഡോളറിലധികം മൂല്യമുള്ള യുഎസ് ഉല്പന്നങ്ങളുടെ താരിഫ് കുറയ്ക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ബര്‍ബണ്‍ വിസ്കിയുടെ തീരുവ ഇന്ത്യ ഇതിനകം 150 ല്‍ നിന്ന് 100 ആയി കുറച്ചിരുന്നു. ആഡംബര കാറുകള്‍, സോളാര്‍ സെല്ലുകള്‍, യന്ത്രങ്ങള്‍ എന്നിവയുടെ ഇറക്കുമതി താരിഫ് 150 ല്‍ നിന്ന് 70 ആയും കുറച്ചു. ശരാശരി താരിഫുകളും 13 ല്‍ നിന്ന് 11 ശതമാനത്തില്‍ താഴെയായി.  ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കുള്ള ആറുശതമാനം നികുതി നീക്കം ചെയ്തു. ഇത് ഗൂഗിള്‍, മെറ്റ തുടങ്ങിയ യുഎസ് ടെക് ഭീമന്മാര്‍ക്കും ഗുണം ചെയ്യും.

ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ ചൈന തയ്യാർ

വ്യാപാര സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ ചൈന തയ്യാർ.
വ്യാപാരത്തിലും മറ്റു മേഖലകളിലും ഇന്ത്യയുമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ ഇന്ത്യന്‍ സ്ഥാനപതി സു ഫീഹോങ് പറഞ്ഞു. ചൈനീസ് വിപണിക്ക് ഇണങ്ങുന്ന കൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ചൈനയും ഇന്ത്യയുമായുള്ള പരസ്പര വ്യാപാരം 2023–24 സാമ്പത്തിക വര്‍ഷത്തില്‍ 101 കോടി ഡോളര്‍ വരും. ചൈനയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ വലിയ വ്യാപാരക്കമ്മിയും നേരിടുന്നുണ്ട്.

Exit mobile version