Site icon Janayugom Online

ട്രെയിൻ ഗതാഗതം താറുമാറായി

ഖിംപുര്‍ ഖേരിയില്‍ കര്‍ഷക റാലിയിലേക്ക് വാഹനം ഓടിച്ചുകയറ്റി നിരവധി പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കും അറസ്റ്റും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രെയിന്‍ തടയല്‍ സമരം വൻ വിജയം. 130 കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ റയില്‍വേ ട്രാക്കുകളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചു. ചരക്ക് ട്രെയിനുകള്‍ ഉള്‍പ്പെടെ 293 ട്രെയിനുകളുടെ യാത്ര സമരം മൂലം തടസ്സപ്പെട്ടെന്ന് റയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.ട്രെയിനുകള്‍ എവിടെയൊക്കെ തടയണം എന്ന കാര്യത്തില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്ക് തിട്ടമുണ്ട്. രാജ്യ വ്യാപകമായി ഇക്കാര്യത്തില്‍ ഗ്രാമീണരായ കര്‍ഷകര്‍ക്ക് കൃത്യതയുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ലംഖിംപുര്‍ ഖേരി വിഷയത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ തുടരുന്ന സമരത്തോടൊപ്പം ഈ വിഷയം കൂടി ഉള്‍പ്പെടുത്തി തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും ടിക്കായത്ത് മുന്നറിയിപ്പ് നൽകി.

 

 

പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ പൂര്‍ണമായിരുന്നു. ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ റയില്‍വേ ട്രാക്കുകളില്‍ പ്ലാക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി ഇടം പിടിച്ചതോടെ നിരവധി ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. സമാധാന പരമായ സമരത്തില്‍ ട്രെയിനുകള്‍ക്കോ റയില്‍വേക്കോ നാശനഷ്ടങ്ങള്‍ വരുത്തരുതെന്ന നിര്‍ദ്ദേശം സംയുക്ത കിസാന്‍ മോര്‍ച്ച പ്രേക്ഷോഭകര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എവിടെനിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ മന്ത്രിയുടെ രാജിയോ, മന്ത്രിയെ പുറത്താക്കുകയോ വേണമെന്ന് ആശ്യപ്പെട്ടാണ് കര്‍ഷകര്‍ ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ രാജ്യ വ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.

 

നേതാക്കളെ വീട്ടു തടങ്കലിലാക്കി;
സമരത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശില്‍ കര്‍ഷക നേതാക്കളെ പലരേയും പൊലീസ് വീട്ടു തടങ്കലിലാക്കി. അസംഗഡില്‍ ജയ് കിസാന്‍ ആന്ദോളന്‍ നേതാക്കളെ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയ പൊലീസ് അവരെ സ്വന്തം വീടുകളില്‍ തന്നെ തടവിലാക്കി. സമാനമായി ആഗ്രയില്‍ രാംവീര്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളെ വീടു വിട്ടു പോകാന്‍ പൊലീസ് അനുവദിച്ചില്ല. ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ഷക സമത്തിന്റെ പശ്ചാത്തലത്തില്‍ യു പി തലസ്ഥാനമായ ലഖ്‌നൗവില്‍ ഇന്നലെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കർഷ പ്രതിഷേധം കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനുകളിൽ പൊലീസിന് പുറമെ കേന്ദ്രസേനയെയും ദ്രുതകർമ സേനയെ വിന്യസിച്ചിരുന്നു. എന്നാൽ വന്‍തോതിലുള്ള പൊലീസ് വിന്യാസത്തിന് ഇടയിലും ട്രെയിന്‍ തടയല്‍ സമരവുമായി കർഷകർ മുന്നിട്ടിറങ്ങിയ കാഴ്ചയാണ് യു പി യില്‍ ദൃശ്യമായത്.
eng­lish summary;The train block­ing strike called by the farm­ers orga­ni­za­tions was a great success
you may also like this video;

Exit mobile version