Site iconSite icon Janayugom Online

അബ്ദുൾസലാമിനെ കഴുത്തറുത്ത് കൊ ല പ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി; വിധി ഉടൻ

കുമ്പള പെരാലിലെ അബ്ദുൾസലാമിനെ(32) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയിൽ പൂർത്തിയായി. വിചാരണയും അന്തിമവാദവും അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായതോടെ വിധി ഉടനെയുണ്ടാകും. 2017 ഏപ്രിൽ 30ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. പെർവാഡ് മാളിയങ്കര കോട്ട പള്ളിക്ക് സമീപം അബ്ദുൾസലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അബ്ദുൾ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദി(29)ന് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. നൗഷാദ് ഏറെ നാളാണ് മംഗളൂരു ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞത്. കൊല നടന്ന ദിവസത്തിന് തലേന്ന് പുലർച്ചെ മൂന്നുമണിയോടെ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം സിദ്ധിഖിന്റെ വീടുകയറി അക്രമം നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം സിദ്ധിഖ് അബ്ദുൾ സലാമിനെ തന്ത്ര പൂർവം മാളിയങ്കര കോട്ട പള്ളിക്ക് സമീപം വിളിച്ചുവരുത്തിയ ശേഷമാണ് കൊല നടത്തിയത്. അബ്ദുൾ സലാമിന്റെ തല വെട്ടി മാറ്റിയ ശേഷം മൃതദേഹം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.

സംഭവത്തിൽ സിദ്ധിഖ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കുമ്പള പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. അന്നത്തെ കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസറും ഇപ്പോൾ ബേക്കൽ ഡി വൈ എസ് പിയുമായ വി വി മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുപയോഗിച്ച വടിവാളും മഴുവും സ്ഥലത്തുനിന്ന് പിന്നീട് കണ്ടെടുത്തിരുന്നു. 2014ൽ പേരാലിലെ ഷെരീഫിനെ കൊലപ്പെടുത്തി പുഴമണലിൽ കുഴിച്ചുമൂടിയ കേസിൽ അബ്ദുൾ സലാം പ്രതിയായിരുന്നു. ഷെരീഫും സലാമും തമ്മിലുള്ള വാക്കുതർക്കത്തിനിടെ സലാമിന്റെ പുതിയ ഷർട്ട് കീറിയിരുന്നു. ഇതിൽ പ്രകോപിതനായ സലാം സുഹൃത്തിന്റെ സഹായത്തോടെ ഷെരീഫിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു കേസ്. ഈ കേസിൽ അറസ്റ്റിലാവുകയും റിമാണ്ട് ചെയ്യപ്പെടുകയും ചെയ്ത സലാമിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ഷെരീഫ് വധക്കേസിന്റെ തുടർ നടപടികൾ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് അബ്ദുൾസലാം കൊല ചെയ്യപ്പെട്ടത്. 

Exit mobile version