ഡൽഹിക്കടുത്ത് നോയ്ഡയിൽ സൂപ്പർടെക് കമ്പനി ചട്ടം ലംഘിച്ച് നിർമ്മിച്ച 40 നിലകളുള്ള ഇരട്ട കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കണമെന്ന് സുപ്രീം കോടതി. കൊച്ചിയിലെ മരട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ കാര്യം ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോയ്ഡ സിഇഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഗെയില്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളെയും വിളിച്ചുചേര്‍ക്കണമെന്നും കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച അന്തിമ തീയതി 72 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ 15 മീറ്റര്‍ അകലെ മൂന്ന് മീറ്റര്‍ താഴ്ചയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ ഗെയിലിന്റെ നിരാക്ഷേപപത്രം ആവശ്യമാണെന്നും കോടതി അറിയിച്ചു. കെട്ടിടം പൊളിക്കാന്‍ ആവശ്യമായ സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിനും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൂപ്പർടെക്കിന്റെ അപ്പെക്സ്, സിയാനി (ടവർ 16, ടവർ 17) എന്നിവയാണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. രണ്ട് ടവറുകളിലുമായി 915 ഫ്ലാറ്റുകളും 21 കടകളുമുണ്ട്. ആകെ 633 നിക്ഷേപകരിൽ 248 പേർക്ക് കമ്പനി പണം മടക്കി നൽകി.
മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ 2019‑ൽ സുപ്രീംകോടതി ഉത്തരവിട്ടകാര്യവും വിധിയിൽ ചൂണ്ടിക്കാട്ടി. നോയ്ഡ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഫ്ലാറ്റ് പൊളിക്കേണ്ടത്. അതിന്റെ ചെലവും അനുബന്ധ ചെലവുകളും കമ്പനിതന്നെ വഹിക്കണം.
രണ്ട് ടവറുകൾക്കുമായി നോയ്ഡ അതോറിറ്റി അനുമതി നൽകിയത് യഥാക്രമം 2009ലും 2012ലുമാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ടവറുകൾ നിർമ്മിച്ചത്. അകലത്തിന്റെ പ്രശ്നം മറികടക്കാനായി ടവർ ഒന്ന്, ടവർ 16, ടവർ 17 എന്നിവ ഒരേ ബ്ലോക്കിലെ ഒരേ കെട്ടിട ക്ലസ്റ്ററിൽ വരുന്നതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
english summary; The twin building in Noida is expected to be demolished within two weeks
you may also like this video;