രണ്ട് പാറാവുകാർ
താക്കോൽ നഷ്ടപ്പെട്ട
കൈ വിലങ്ങ്
അഴിച്ചെടുക്കാൻ നോക്കുകയാണ്
അവൾ പറഞ്ഞു,
നമുക്ക് ഈ രാത്രി തന്നെ
ഈ കൈ വിലങ്ങ് അഴിച്ചെടുക്കണം
അതിന്റെ കുരുക്കുകൾ വിടർത്തി
അതിനെ സ്വതന്ത്രമാക്കണം
വിലങ്ങുകൾക്കും
ഒരു ഹൃദയമുണ്ട്
നിശബ്ദമായി
അതെല്ലാം
അറിയുന്നുണ്ടാവും
അവൾ അതിനെ
മടിയിൽ വച്ചു;
അയാൾ അതിന്റെ തിളക്കമുളള
പ്രതലങ്ങളിൽ തലോടി
അവൾ അതിനെ
നെഞ്ചോട് ചേർത്തുവച്ചു
അതിന്റെ ഇടതുവട്ടത്തിൽ
ഉമ്മ വച്ചു;
അയാൾ അതിന്റെ
വലതു വട്ടത്തിലും
ഉമ്മകൾ
ഇടതു നിന്നും വലത്തോട്ടും
വലതു നിന്നു ഇടത്തേയ്ക്കും
സഞ്ചാരം നടത്തി
ഉമ്മകൾ അടുത്തെത്തി
ചുണ്ടുകൾ അടുത്തെത്തി
മഞ്ഞു പുതച്ച നിലാവിൽ
ചുരുണ്ടു കൂടിയിരുന്നു
“രാത്രി”
രണ്ട് വട്ടങ്ങളിലേക്ക്
ഊർന്നിറങ്ങി
അവരുടെ ഹൃദയങ്ങൾ
പരേഡ് യാർഡിൽ
അതിരാവിലെ
വിടർന്ന പൂക്കളിൽ
രണ്ട് പക്ഷികൾ
വന്നിരുന്ന്
തേൻ നുകരുന്നുണ്ടായിരുന്നു
രണ്ട് പാറാവുകാരും ഒരു കൈ വിലങ്ങും

