Site iconSite icon Janayugom Online

ഗവർണറെ ചാന്‍സിലർ പദവിയിൽ നിന്നും നീക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു

ഗവർണർക്ക് സർവകലാശാലയുടെ അധികാരം നൽകേണ്ടെന്ന് കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചത് യുഡിഎഫ് സർക്കാർ. ഗവർണറെ ചാന്‍സിലർ പദവിയിൽ നിന്നും ഉടൻ നീക്കംചെയ്യണമെന്നും 2015 ഓഗസ്റ്റിൽ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ നൽകിയ കത്തിന്റെ പകർപ്പ് പുറത്തായി. എം എം പൂഞ്ചി കമ്മിഷന്റെ ശുപാർശകളിന്മേൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രം തേടിയപ്പോഴാണ് ഗവർണർക്ക് ചാൻസിലർ പദവി നൽകുന്നത് അഭികാമ്യമല്ലെന്ന നിലപാട് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. 

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നിയമിച്ച എം എം പൂഞ്ചി കമ്മിഷന്റെ പ്രധാന ശുപാർശകളിലാണ് ഗവർണർമാർ ചാൻസിലർ പോലുള്ള ചുമതലകൾ വഹിക്കേണ്ടെന്നു കാര്യ കാരണങ്ങൾ സഹിതം വിശദീകരിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാനായാണ് 2007ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മദൻമോഹൻ പൂഞ്ചിയെ കമ്മിഷനായി കേന്ദ്ര സർക്കാർ നിയമിച്ചത്. ഗവർണർമാർ നിയമപരമായ ബാധ്യതകൾ ഏറ്റെടുക്കുന്നത് അധികാര സംഘർഷത്തിന് ഇടയാക്കും. 

സംസ്ഥാന സർക്കാരുകൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിൽ വലിയ താല്പര്യമുണ്ട്. അങ്ങനെ വരുമ്പോൾ ഇത് രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഭിന്നതയ്ക്കും ഇടയാക്കുമെന്നാണ് ഉമ്മൻചാണ്ടി സർക്കാർ നിലപാടെടുത്തത്. ഈ ഉത്തരവ് കൂടി പുറത്തുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വെട്ടിലായി. ഗവർണർ വിഷയം ആളിക്കത്തിച്ച് സർക്കാരിനെ ജനങ്ങൾക്ക് എതിരാക്കാമെന്ന യുഡിഎഫ് മോഹമാണ് ഇതോടെ വീണുടഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം യുഡിഎഫ് നേതാക്കൾ ഗവർണർ വിഷയത്തിന്മേൽ ഉയർത്തുന്ന വാദങ്ങൾ വരും ദിവസങ്ങളിൽ തിരിച്ചടിയാകുമെന്ന സൂചനയാണ് മുതിർന്ന നേതാക്കൾ ഉയർത്തുന്നത്.
eng­lish summary;The UDF demand­ed that the gov­er­nor be removed from the post of Chancellor
you may also like this video;

Exit mobile version