ആയുധങ്ങള്‍ വാങ്ങുന്നതിനായി 84,328 കോടിയുടെ ഇടപാടിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിന്റേതാണ് തീരുമാനം. കര, വ്യോമസേനകളുടെ ആറുവീതവും നാവികസേനയുടെ പത്തും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും ശുപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോംബാറ്റ് വെഹിക്കിള്‍സ്, ലൈറ്റ് ടാങ്കറുകള്‍, മിസൈല്‍ സിസ്റ്റം ഉള്‍പ്പെടെയുള്ളവയാണ് വാങ്ങുകയെന്ന് മന്ത്രാലയം അറിയിച്ചു. സൈനികർക്ക് മികച്ച സംരക്ഷണം നല്‍കുന്ന ബാലിസ്റ്റിക് ഹെൽമെറ്റുകളും വാങ്ങും. 97 ശതമാനം ആയുധങ്ങളും തദ്ദേശീയ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങുകയെന്നും രാജ്നാഥ് സിങ് അറിയിച്ചു.