Site iconSite icon Janayugom Online

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. കോവിഡ് മഹാമാരിയുടെ സമയത്ത് സംഘടന ചൈനയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങിയെന്നും ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കിയതായും ജനീവ ആസ്ഥാനത്തുനിന്നും മറ്റ് ഓഫിസുകളിൽ നിന്നും യുഎസ് ഉദ്യോഗസ്ഥരെയും കരാറുകാരെയും തിരിച്ചുവിളിച്ചതായും യുഎസ് ആരോഗ്യ സെക്രട്ടറി റോബേർട്ട് എഫ് കെന്നഡിയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

അമേരിക്കയുടെ പിന്മാറ്റം ലോകത്തിന് വലിയ നഷ്ടമാണെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചു. 2024, 2025 വർഷങ്ങളിലെ അംഗത്വ ഫീസായി ഏകദേശം 260 മില്യൺ ഡോളർ അമേരിക്ക അടയ്ക്കാനുണ്ട്. ഈ കുടിശ്ശിക സംഘടനയുടെ പ്രവർത്തനങ്ങളെയും തൊഴിൽ മേഖലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഭാവിയിലെ മഹാമാരികളെ തടയാൻ രൂപീകരിച്ച അന്താരാഷ്ട്ര പാൻഡെമിക് ഉടമ്പടിയിൽ നിന്ന് യുഎസ് നേരത്തെ തന്നെ വിട്ടുനിന്നിരുന്നു. പുകയില നിയന്ത്രണം, പോളിയോ, എച്ച്ഐവി നിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിൽ സംഘടന നടത്തുന്ന ആഗോള ശ്രമങ്ങളെ അമേരിക്കയുടെ ഈ പിന്മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വരാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Exit mobile version