ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. നാളെയാണ് ബംഗ്ലാദേശിന് എതിരെ ഇന്ത്യയുടെ അടുത്ത മത്സരം. സെമി ഉറപ്പിക്കാന്‍ ബംഗ്ലാദേശിനും സിംബാബ്‌വേയ്ക്കും എതിരായ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിശ്ചയമായും ജയിക്കണം. അതേസമയം രണ്ട് മത്സരങ്ങളിലും മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവുമായി അഞ്ച് പോയിന്റോടെ സൗത്ത് ആഫ്രിക്കയാണ് ഒന്നാമത്. മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി നാലുപോയിന്റോടെ ഇന്ത്യ രണ്ടാമതാണ്. ബംഗ്ലാദേശിനും നാല് പോയിന്റുണ്ട്. നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ബംഗ്ലാദേശിന് മുകളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
രണ്ടു കളികള്‍ ജയിച്ചാല്‍ ഇന്ത്യക്കു നാലു പോയിന്റ് ലഭിക്കും. അതു പരമാവധി എട്ടു പോയിന്റ് നേടി ഗ്രൂപ്പില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്ത് സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും. അതേസമയം ബംഗ്ലാദേശിന് എതിരെ കാലിടറിയാല്‍ അത് രോഹിത്തിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാവും. സിംബാബ്‌വേയെ തോല്പിച്ചാലും പിന്നീട് ബംഗ്ലാദേശ് ഒപ്പം പിടിക്കുന്നതോടെ കണക്കിന്റെ കളികളെ ആശ്രയിക്കേണ്ടി വരും. അവസാന മത്സരത്തില്‍ പാകിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളി. അടുത്ത മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ വിജയം കൊയ്യുകയും അവസാന മത്സരത്തില്‍ സിംബാബ്‌വേയോടു തോല്‍ക്കുകയും ചെയ്താലും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. അപ്പോള്‍ ആറു പോയിന്റായിരിക്കും ഇന്ത്യക്കുണ്ടാവുക. ഇന്ത്യയെക്കൂടാതെ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ചാല്‍ സിംബാബ്‌വേയ്ക്കു ഏഴു പോയിന്റ് ലഭിക്കും.
ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇനി വരുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ചാലും പാകിസ്ഥാന് സെമി പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കില്ല. ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനേയും തോല്പിച്ചാല്‍ ആറ് പോയിന്റിലേക്കാണ് പാകിസ്ഥാന്‍ എത്തുക. പാകിസ്ഥാനോട് പരാജയപ്പെട്ടാലും നെതര്‍ലന്‍ഡ്സിനോട് ദക്ഷിണാഫ്രിക്ക തോല്‍ക്കാനുള്ള സാധ്യത കുറവാണ്. നെതര്‍ലന്‍ഡ്സിനോട് ജയിക്കുന്നതോടെ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ഏഴിലെത്തും.
English Summary:The upcoming matches are crucial for India
You may also like this video