ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ധനസഹായം റദ്ദാക്കുന്നതായി ഇലോണ്‍ മസ്കിന്റെ കാര്യക്ഷമതാ വകുപ്പ്. ഇന്ത്യക്കായുള്ള 21 ദശലക്ഷം ഡോളറിന്റെ ധനസഹായം നിര്‍ത്തലാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപുമായും മസ്കുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കാര്യക്ഷമതാ വകുപ്പിന്റെ പ്രഖ്യാപനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനങ്ങളില്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പുകൾക്കും രാഷ്ട്രീയ പ്രക്രിയ ശക്തിപ്പെടുത്തലിനുമുള്ള സംയുക്ത സംരംഭത്തിന് 486 ദശലക്ഷം ഡോളറിന്റെ ഗ്രാന്റായിരുന്നു അനുവദിച്ചിരുന്നത്. മൊസാംബിക്ക്, നേപ്പാള്‍, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, സെര്‍ബിയ, കൊസാവോ റോ, അഷ്‌കലി, ഈജിപ്ത്, മോള്‍ഡോവ, കംബോഡിയ എന്നിവിടങ്ങളിലേക്കുള്ള സഹായവും റദ്ദാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താനായുള്ള 29 ദശലക്ഷം ഡോളറിന്റെ ധനസഹായവും നിര്‍ത്തിവച്ചു.
സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ മസ്കിന്റെ നേതൃത്വത്തിലാരംഭിച്ച നടപടിയുടെ ഭാഗമാണ് ഈ നീക്കം. പാഴ്‍ചെലവുകള്‍ കണ്ടെത്തി ഇല്ലാതാക്കാനാണ് ട്രംപ് കാര്യക്ഷമതാ വകുപ്പിനെയും മസ്കിനെയും ചുമതലപ്പെടുത്തിയത്. യുഎസിന്റെ വിദേശ സഹായ ഏജന്‍സിയായ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റി(യുഎസ്‌എഐഡി)നെതിരെയായിരുന്നു ആദ്യ നടപടികള്‍. ആയിരക്കണക്കിന് ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.
യുഎസ്എഐഡി തൊഴിലാളികളെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം കോടതി സ്റ്റേ ചെയ്തിരുന്നു. മറ്റ് ഫെഡറല്‍ ഏജന്‍സികളിലെ 9500 ഓളം താല്‍ക്കാലിക, പ്രൊബേഷണറി ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിലെ 1300 ലധികം തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. സർക്കാർ ഏജൻസികളെ പിരിച്ചുവിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള മസ്കിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ന്യൂയോർക്ക്, സിയാറ്റിൽ, കൻസാസ് സിറ്റി, കാലിഫോർണിയ എന്നിവിടങ്ങളിലെ ടെസ്‌ല സ്റ്റോറുകൾക്ക് പുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്.

