ആശങ്ക പരന്ന നാളുകൾക്ക് വിരാമമിട്ടു പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലവിൽ വന്നു. ഖത്തറിന്റെ സഹായത്തോടെ യുഎസിന്റെ ഇടപെടലാണ് ഇറാൻ‑ഇസ്രയേൽ വെടിനിർത്തലിലേക്ക് നയിച്ചത്. വെടിനിർത്തൽ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അൽജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രയേലി ബ്രോഡ്കാസ്റ്റിങ് അതോറിട്ടി വ്യക്തമാക്കി. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിർദേശിച്ചതായി ഇസ്രയേൽ റേഡിയോയും വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ പ്രസ് ടിവിയും ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയെ യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്തിരിപ്പിച്ചുകൊണ്ട് ട്രംപിന്റെ വക ‘സമ്പൂര്‍ണ വെടിനിർത്തൽ’ പ്രഖ്യാപനം വന്നത് ലോകം ആശ്വാസത്തോടെയാണ് കണ്ടത്. ദിവസങ്ങളോളം നീണ്ട സംഘർഷാവസ്ഥക്ക് അയവ് വരുമെന്നുള്ള സൂചനയോടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്റെ അവകാശവാദം. യു എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു.
അതേസമയം, വെടിനിര്‍ത്തലിന്റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണ്. തെക്കൻ ഇസ്രയേലിൽ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.

