Site iconSite icon Janayugom Online

യുഎസിന്റെ പകരച്ചുങ്കം പ്രഹരമായി; വിദേശ നിക്ഷേപം പുറത്തേക്ക്

അമേരിക്ക പകരച്ചുങ്കം താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം പിന്‍വലിക്കല്‍ തുടരുന്നു. നാല് വ്യാപാര ദിവസംകൊണ്ട് രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 10,355 കോടി രൂപ.
മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ അറ്റ നിക്ഷേപത്തിന് ശേഷമാണ് ഈ പിന്‍വലിക്കല്‍ ഉണ്ടായത്. മാര്‍ച്ചിലെ മൊത്തം പിന്‍വലിക്കല്‍ 3,973 കോടി രൂപയായി കുറയ്ക്കാന്‍ വര്‍ധിച്ച നിക്ഷേപം സഹായിച്ചു. ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. ഇതോടെ 2025ല്‍ ഇതുവരെ എഫ‌്പിഐകളുടെ മൊത്തം പിന്‍വലിക്കല്‍ 1.27 ലക്ഷം കോടി രൂപയായി. ആഗോള സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം നിക്ഷേപം പിന്‍വലിക്കലിന് ആക്കംകൂട്ടി. വരാനിരിക്കുന്ന ദിവസങ്ങളില്‍ യുഎസ് താരിഫ് പ്രത്യാഘാതം, ആര്‍ബിഐയുടെ ധനനയ നിലപാട് പ്രഖ്യാപനം എന്നിവ വിപണി പങ്കാളികള്‍ സൂക്ഷ്മമായി നീരിക്ഷിക്കുമെന്ന് ബിഡിഒ ഇന്ത്യയിലെ ടാക്സ് റെഗുലേറ്ററി സര്‍വീസ് വിദഗ്ധനായ മനോജ് പുരോഹിത് പ്രതികരിച്ചു. വരാനിരിക്കുന്ന ഓഹരി ചക്ര വിപണിയില്‍ നിക്ഷേപ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഈ സംഭവവികാസങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന താരിഫുകള്‍ അവയുടെ വിശാലമായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ മുഖ്യ നിക്ഷേപ വിദഗ്ധനായ വി കെ വിജയകുമാര്‍ പറഞ്ഞു. പകരച്ചുങ്കം യുഎസ് വിപണികളില്‍ വന്‍തോതിലുള്ള വില്പനയ്ക്ക് കാരണമായി. ഉയര്‍ന്ന പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വെല്ലുവിളികളെ യുഎസ് അഭിമുഖീകരിക്കേണ്ടതായി വരും. ഇത് സമ്പൂര്‍ണ വ്യാപാര യുദ്ധത്തിനുള്ള സാധ്യത ഉയര്‍ത്തും. ഇത് ആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് പരിണമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രത്യാഘാതം ദൃശ്യമാണ്. കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെയും സംയോജിത വിപണി മൂല്യത്തില്‍ 2,94,170.16 കോടി രൂപയുടെ ഇടിവുണ്ടായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ആഴ്ച ബിഎസ്ഇ സെന്‍സെക്‌സില്‍ 2,050.23 പോയിന്റ് അഥവാ 2.64 ശതമാനം ഇടിഞ്ഞപ്പോള്‍, എന്‍എസ്ഇ നിഫ്റ്റിയില്‍ 614.8 പോയിന്റ് അഥവാ 2.61 ശതമാനം ഇടിവുണ്ടായി. ‍ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവയ്ക്ക് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. ഭാരതി എയര്‍ടെല്‍ മാത്രമാണ് നേട്ടമുണ്ടാക്കിയതെന്ന് ഓഹരിവിപണിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version