സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷവേദിയായ ആശ്രാമം മൈതാനത്ത് ഉത്പന്നവൈവിധ്യത്തിന്റെ ഒടുങ്ങാത്തനിര. ന്യായവിലയ്ക്ക് ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരം പാഴാക്കാതെ ആയിരങ്ങളാണ് എത്തുന്നതും. ചൊവ്വാഴ്ച വരെ നീളുന്ന മേളയിൽ സർക്കാരിന്റെ വിവിധ സേവനങ്ങൾ വേഗത്തിലും സൗജന്യമായും നേടിയെടുക്കാനുംമുണ്ട് തിരക്ക്. സായാഹ്നങ്ങളിലെ കലാവിരുന്ന് ആസ്വദിക്കാനായി കുടുംബസദസുകൾ ഏറുകയുമാണ്.
നൂറോളം സ്റ്റോളുകളിലായി 70 ലധികം ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കായി സജ്ജീകരിച്ചിട്ടുള്ളത്. കറി പൗഡറുകൾ, ചക്ക വിഭവങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാർന്ന ഉൽപ്പന്നങ്ങളുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ്ചെയ്ത ഭക്ഷ്യഉൽപ്പന്നങ്ങൾ, ധാന്യപ്പൊടികൾ, മൂല്യവർധിത ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും. മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയർ, ലോഹങ്ങൾ, വൈക്കോൽ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളാണ് വിപണനത്തിനുള്ളത്. പ്രമേഹമുള്ളവർക്കായുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, തേനീച്ചകൃഷിക്ക് ആവശ്യമായ ഉപകരണങ്ങൾ, എൽഇഡി ബൾബുകൾ തുടങ്ങിയവയും വാങ്ങാം. നീതി സ്റ്റോറുകളിൽനിന്ന് നിത്യോപയോഗ സാധനങ്ങളും ലഭിക്കും

