Site iconSite icon Janayugom Online

ഉന്നത വിദ്യഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിയ നീക്കങ്ങൾക്ക് ഏ​റ്റ പ്രഹരമാണ് വിധി: മന്ത്രി ആര്‍ ബിന്ദു

R binduR bindu

കേരളത്തിനാകെ അഭിമാനകരമായ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയനിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സർവകലാശാലയുടെ നാമനിർദേശങ്ങൾ നീതിന്യായപീഠം ശരിവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ചട്ടപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നത്. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് പൊതു കീഴ്‌വഴക്കം. എന്നാൽ, സർവകലാശാല പേര് നിർദേശിച്ച എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെ ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്യുകയായിരുന്നു. മതിയായ യോഗ്യതകളൊന്നും ഉറപ്പാക്കാതെയായിരുന്നു ചാൻസലറുടെ നാമനിർദേശങ്ങൾ. 

രാജ്യത്തെ ഇതര സർവകലാശാലകളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മുന്നോട്ടുപോവുന്നവയാണ് കേരളത്തിലെ സർവകലാശാലകൾ. അവിടെ ചാൻസലറുടെ ഭാഗത്തുനിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിൽ അവ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു മേൽ നിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമഗ്ര പരിഷ്കാരങ്ങളോടെ മുന്നേറ്റങ്ങളിലേക്ക് നയിക്കുന്ന പരിശ്രമങ്ങളിലാണ് കേരള സർക്കാർ. 

നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങിലുമടക്കം കേരളത്തിലെ സർവകലാശാലകൾ നേടിയിട്ടുള്ള ഉയർച്ച ഈ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. അവയെപ്പറ്റി വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. 

Eng­lish Summary:The ver­dict is a major blow to Chan­cel­lor’s move to roll back high­er edu­ca­tion ini­tia­tives: Min­is­ter R Bindu
You may also like this video

Exit mobile version