Site iconSite icon Janayugom Online

ജനവിധി ഇന്നറിയാം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് പോരാട്ടത്തെ രാജ്യം ഉറ്റുനോക്കുന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗോവയില്‍ തൂക്കു മന്ത്രിസഭയെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. സംസ്ഥാനത്ത് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നുണ്ട്. 40 മണ്ഡലങ്ങളിലേക്കാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് വിധിയെഴുതിയത്. 403 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോളുകളെങ്കിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കര്‍ഷകസമരം, ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊല, കോവിഡ് കൈകാര്യം ചെയ്തതിലുണ്ടായ പരാജയം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. അതിനിടെ വോട്ടെണ്ണല്‍ നടപടികള്‍ വെബ് കാസ്റ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. ഇവിഎമ്മുകള്‍ സ്ട്രോങ് റൂമുകളില്‍ നിന്നും കടത്തിയതായി കഴിഞ്ഞദിവസം അഖിലേഷ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. 70 മണ്ഡലങ്ങളിലേക്കാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ വീഴ്‌ത്തി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 117 മണ്ഡലങ്ങളിലേക്കാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന് 7500 സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചതായി തെരഞ്ഞെടുപ്പ് ഓഫിസര്‍ എസ് കരുണ രാജു അറിയിച്ചു.

Eng­lish sum­ma­ry; The ver­dict is known today

You may also like this video;

Exit mobile version