Site iconSite icon Janayugom Online

കന്നി മുത്തം റയലിന്റേത്; ഫൈനലില്‍ പച്ചുകയെ 3–0ന് തോല്പിച്ചു

പ്രഥമ ഇന്റർകോണ്ടിനെന്റല്‍ കപ്പ് കിരീടം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെക്സിക്കന്‍ ക്ലബ്ബ് പച്ചുകയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. റയലിനായി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഗോളുകള്‍ നേടി.

മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം സ­മ്പൂർണ ആധിപത്യമാണ് റയല്‍‍ മഡ്രിഡിനുണ്ടായിരുന്നത്. ചാലഞ്ചർ കപ്പില്‍ ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്‍ലിയെ തോൽപിച്ചാണ് പച്ചുക ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിനെ നേരിടാന്‍ ഫൈനലിലേക്കു യോഗ്യത നേടിയത്. 37-ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസില്‍ ഫ്രഞ്ച് താരം എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയല്‍ രണ്ടാം ഗോളും സ്വന്തമാക്കി. ഫൗളിലൂടെ ലഭിച്ച പെനാല്‍റ്റി എടുത്ത വിനീഷ്യസ് 83-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. റയലിന്റെ ലൂകാസ് വാസ്‌കസിനെ പച്ചുക താരം ഇദ്രിസി ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതോടെ മൂന്ന് ഗോളിന്റെ ആവേശ വിജയവും റയല്‍ സ്വന്തമാക്കി. സ്പാനിഷ് ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും വിജയത്തിനായി ബുദ്ധിമുട്ടി സമ്മര്‍ദത്തിലാകുന്ന റയലിന് ഈ കിരീടം ആശ്വാസമാണ്.

Exit mobile version