പുറത്തെ മുഴ നീക്കം ചെയ്യാൻ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ശസ്ത്രക്രിയക്ക് പണം ചോദിക്കുന്ന ശബ്ദരേഖ പുറത്ത്. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ എസ് വിനീതിന്റെ ശബ്ദരേഖ പുറത്ത്. ചെന്നൈയിൽ താമസിക്കുന്ന വിജയാദേവി(51)യുടെ പുറത്തെ മുഴനീക്കം ചെയ്യുന്നതിന് വിജയാദേവിയുടെ സഹോദരി അടൂർ കരുവാറ്റ പൂമൂട് മാധവം വീട്ടിൽ വിജയശ്രീയോടാണ് ഡോക്ടർ പണം ആവശ്യപ്പെടുന്നതായി ശബ്ദരേഖയിലുള്ളത്. കേരളാ കാരുണ്യ ഭിന്നശേഷി അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി കൂടിയായ വിജയശ്രീയാണ് ഡോക്ടർ പണം ആവശ്യപ്പെട്ടതായിട്ടുള്ള പരാതിയുമായി രംഗത്തുള്ളത്. സെപ്റ്റംബർ 17‑നാണ് വിജയശ്രീ ഡോക്ടറെ വിളിക്കുന്നത്. ഇതേ ദിവസം രാവിലെ ടോക്കൺ 17 എന്ന നമ്പരിൽ അടൂർ ജനറൽ ആശുപത്രിയിൽ നിന്നും ഒ പി ടിക്കറ്റ് എടുത്ത് വിനീത് ഡോക്ടറെ വിജയാദേവി കണ്ടിരുന്നു. സഹോദരിക്ക് ചെന്നൈയ്ക്ക് വളരെ വേഗം തിരികെ പോകേണ്ടതിനാൽ ശസ്ത്രക്രീയ എത്രയും പെട്ടെന്ന് വേണമെന്ന ആഗ്രഹം ഡോക്ടറെ വിജശ്രീധരിപ്പിച്ചു.
ഏറ്റവും അടുത്ത ദിവസം ചെയ്യണമെങ്കിൽ 12000 രൂപ ചെലവ് വരുമെന്നും അതു നൽകാമെങ്കിൽ ശസ്ത്രക്രീയ പെട്ടെന്ന് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞതായി വിയശ്രീ പറയുന്നു. തുടർന്ന് വീട്ടിൽ ചെന്ന ശേഷം തുകയുടെ കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതിനും ശസ്ത്രക്രീയക്ക് എന്നു വരണമെന്നും ഉറപ്പിക്കുന്നതിനുമാണ് വിജശ്രീ വീണ്ടും ഡോക്ടറെ വിളിച്ചത്. അപ്പോഴാണ് കൊണ്ടുവരേണ്ട തുകയും ശസ്ത്രക്രീയക്ക് വരേണ്ട ദിവസവും പറയുന്നത്. എന്നാൽ അടുത്ത ദിവസം തന്നെ അടൂർ ജനറൽ ആശുപത്രിയിലെ തന്നെ സർജനായ ഡോ. ശോഭ ഈ ശസ്ത്രക്രീയ ഒരു തടസവും കൂടാതെ നീക്കം ചെയ്തുവെന്നും വിജയശ്രീ വ്യക്തമാക്കി. രോഗിയുമായി എത്താമെന്ന് പറഞ്ഞ ദിവസം രാവിലെ എത്താതിരുന്നപ്പോൾ ഡോ.വിനീത് തങ്ങളെ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ഫോൺ എടുത്തില്ലെന്നും വിജയശ്രീ പറഞ്ഞു.
ഇതു സംബന്ധിച്ച് സെപ്റ്റംബർ 25‑ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ജെ മണികണ്ഠന് പരാതി നൽകാൻ ശ്രമിച്ചെങ്കിലും നേരിൽ കാണാഞ്ഞതിനാൽ നടന്നില്ല. പിന്നീട് 28 ‑നാണ് പരാതി നേരിൽ നൽകുന്നത്. പരാതി നൽകി ദിവസം ഇത്രയും കഴിഞ്ഞിട്ടും തങ്ങളെ വിളിക്കുകയോ അരോപണ വിധേയനായ ഡോക്ടർക്കെതിരെ ഒരു നടപടിയും എടുക്കാതെയും കൂടി വന്നപ്പോഴാണ് ഇപ്പോൾ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. ഡോ.എസ് വിനീതിനോട് സംഭവം സംബന്ധിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ജെ മണികണ്ഠൻ പറയുന്നത്.