Site iconSite icon Janayugom Online

കടന്നുപോയത് ഏറ്റവും ചൂടേറിയ ഓഗസ്റ്റ്

1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് രാജ്യത്ത് കടന്നുപോയതെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ മാസത്തെ ശരാശരി കുറഞ്ഞ താപനില, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയായ 24.29 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റിലെ ഭൂരിഭാഗം ദിവസങ്ങളിലും 23.68 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഓഗസ്റ്റില്‍ വലിയ അളവില്‍ മഴ രേഖപ്പെടുത്തിയതും താപനില ഉയരാന്‍ കാരണമായിട്ടുണ്ട്. കൂടിയ അളവിലുള്ള മഴ, സ്ഥിരമായ മേഘാവൃതമായ അന്തരീക്ഷത്തിന് കാരണമായെന്നും അത് താപനില ഉയരുന്നതിന് ഇടയാക്കിയെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

ഓഗസ്റ്റില്‍, ദക്ഷിണേന്ത്യയില്‍ 203.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ മേഖലയിലെ ശരാശരി കുറഞ്ഞ താപനില 24.12 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണ താപനിലയായ 23.41 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ കൂടുതലാണ്. ദക്ഷിണേന്ത്യയില്‍ 6.6 ശതമാനം മഴ കൂടുതലായി ലഭിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. 359.6 മില്ലിമീറ്റര്‍ മഴയാണ് മധ്യേന്ത്യയില്‍ ലഭിച്ചത്. 16.5 ശതമാനം മഴയാണ് കൂടുതലായി ലഭിച്ചത്. മധ്യേന്ത്യയില്‍ ശരാശരി കുറഞ്ഞ താപനില 24.26 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ ഇത് കാരണമായി. ഈ മേഖലയിലെ സാധാരണ താപനില 23.71 ഡിഗ്രി സെല്‍ഷ്യസാണ്.

ഇന്ത്യയിലുടനീളമായി ലഭിച്ച മഴയില്‍ 15.3 ശതമാനം മിച്ചമുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തെ പലയിടങ്ങളിലും അനുകൂലമായ കാലാവസ്ഥ നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ച വടക്കന്‍ അറബിക്കടലില്‍ അസ്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചത് ഉള്‍പ്പെടെ ആറ് ന്യൂനമര്‍ദങ്ങളാണ് രൂപപ്പെട്ടത്. ഏറ്റവും ചൂടേറിയ ഓഗസ്റ്റായിരുന്നു 2024ലേത്. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ മേഖലകളെയാണ് ഇത് കൂടുതലായി ബാധിച്ചത്.

Exit mobile version