രാജ്യങ്ങളെയും ജനങ്ങളെയും വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തുടര്‍ച്ചയായി പരീക്ഷിച്ച് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളെയെല്ലാം അസ്ഥിരമാക്കി ഭൂഖണ്ഡമാകെ യുദ്ധങ്ങള്‍ വ്യാപിപ്പിക്കുകയുമാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി യുഎസ് എന്ന രാഷ്ട്രം ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ തന്നെ യൂറോപ്പില്‍ ജര്‍മ്മനി വിഭജിച്ച് വന്‍മതില്‍ കെട്ടിത്തിരിച്ച് രണ്ട് രാഷ്ട്രമാക്കിക്കൊണ്ട് ആരംഭിച്ച വിഭജന തന്ത്രം, സാമ്രാജ്യത്വം ഇന്ത്യയിലും പ്രയോഗിച്ചു. സ്വതന്ത്ര ഇന്ത്യയെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചുകൊണ്ട് ഉപഭൂഖണ്ഡത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു.
നമ്മള്‍ ഓര്‍ക്കേണ്ടത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഇവരോടൊത്തുനിന്ന ഇന്ത്യയിലെ തൊഴിലാളി സംഘടനകളോ ബഹുജനങ്ങളോ ഒന്നും തന്നെ ഇന്ത്യാ വിഭജനം ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്. ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്യുകയും ജയില്‍വാസം വരിക്കുകയും കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒറ്റുകാരായി നിന്ന് സാമൂഹ്യവും സാംസ്കാരികവുമായി ഒരൊറ്റ പൈതൃകമുള്ള ഇന്ത്യന്‍ ജനതയെ വിഭജിക്കുവാന്‍ കൂട്ടുനിന്നത് ഇന്ത്യന്‍ മുസ്ലിങ്ങളുടെ അഞ്ച് ശതമാനം മാത്രം പിന്തുണയുണ്ടായിരുന്ന മുസ്ലിം ലീഗും ഹിന്ദു ജനതയില്‍ ഒരു പിന്തുണയുമില്ലാതിരുന്ന ഹിന്ദു മഹാസഭയുമാണ്. അങ്ങനെ ബ്രിട്ടീഷുകാര്‍ ഏഷ്യയില്‍ ആരംഭിച്ച ദേശീയ രാഷ്ട്രങ്ങളെ വിഭജിച്ച് അവിടങ്ങളില്‍ ഒരിക്കലും തീരാത്ത യുദ്ധങ്ങള്‍ സൃഷ്ടിക്കുകയും രാജ്യങ്ങളുടെ പുരോഗതി തടയുകയും ചെയ്യുക എന്ന നീചമായ പദ്ധതി പിന്നീട് തുടര്‍ന്നത് യുഎസ് ആണ്. ഇതിന് തുടക്കം കുറിച്ചത് കൊറിയയിലും.
ഒരൊറ്റ രാജ്യമായിരുന്നു കൊറിയ. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കിം ഇല്‍ സുങ് കൊറിയയുടെ പ്രസിഡന്റായപ്പോള്‍, യുഎന്‍ അസംബ്ലിയില്‍ 1947ല്‍ യുഎസ് നേതൃത്വത്തില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രമേയം പാസാക്കി. ഇത് സോവിയറ്റ് യൂണിയനും കൊറിയയും അംഗീകരിച്ചിരുന്നില്ല. ഈ എതിര്‍പ്പിനെ മറികടന്നുകൊണ്ട് തെരഞ്ഞെടുപ്പ് നടക്കുകയും 38 പാരലല്‍ എന്ന ഒരു സാങ്കല്പിക രേഖയ്ക്കപ്പുറത്ത് ദക്ഷിണ കൊറിയ എന്ന രാഷ്ട്രം സ്ഥാപിക്കുകയും സിങ്‌മാന്‍ റീയുടെ നേതൃത്വത്തില്‍ ഒരു വലതുപക്ഷ സര്‍ക്കാരിനെ അവരോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജനഹിതം മാനിക്കാതെ നടന്ന വിഭജനത്തിനെതിരെ ഉത്തര കൊറിയ 1950 ജൂണ്‍ 25ന് ദക്ഷിണ കൊറിയയ്ക്കെതിരെ യുദ്ധം ആരംഭിച്ചു.
അമേരിക്കന്‍ കോണ്‍ഗ്രസ് കൊറിയയില്‍ ഇടപെടാന്‍ അംഗീകാരം നല്‍കുന്നതിനുമുമ്പുതന്നെ, ഇന്ന് ഇറാനില്‍ പ്രസിഡന്റ് ട്രംപ് ചെയ്തതുപോലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ യുഎസ് പട്ടാളത്തെ ഇറക്കി ഉത്തര കൊറിയയെ ആക്രമിച്ചു. അമേരിക്കന്‍ സൈനിക ശക്തിക്കുമുന്നില്‍ ഉത്തര കൊറിയ തകരുകയും ചെയ്തു. എന്നാല്‍ 1950 ഒക്ടോബര്‍ 25ന് അമേരിക്ക — ദക്ഷിണ കൊറിയ സംയുക്ത സേനയ്ക്കുനേരെ ചൈനയുടെ പിന്തുണയോടെ ഉത്തര കൊറിയ തിരിച്ചടിച്ചു. 1951 ജനുവരി നാലിന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ പിടിച്ചടക്കിക്കൊണ്ട് സമ്പൂര്‍ണ വിജയം നേടി. വീണ്ടും രണ്ടുവര്‍ഷം കൂടി യുദ്ധം തുടര്‍ന്നുവെങ്കിലും 1953 ജൂലൈ 27ന് സമാധാന ഉടമ്പടി പ്രകാരം ഉത്തര കൊറിയ സാങ്കല്പിക അതിര്‍ത്തിയായ 38 പാരലിലേക്ക് പിന്മാറി. അമേരിക്കന്‍ സൈന്യത്തിനും കൊറിയന്‍ ജനതയ്ക്കും കനത്ത നാശം വിതച്ച ആ യുദ്ധത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല.
1959 മുതല്‍ 1975 വരെ നടന്ന വിയറ്റ്നാം യുദ്ധമാണ് യുഎസ് ഏഷ്യയില്‍ സൃഷ്ടിച്ച അടുത്ത യുദ്ധം. 1954ലെ ജനീവ കോണ്‍ഫറന്‍സിലെ ധാരണയനുസരിച്ച് ഫ്രാന്‍സില്‍ നിന്ന് വളരെക്കാലം നീണ്ട സ്വാതന്ത്ര്യസമരത്തിനൊടുവില്‍ വിയറ്റ്നാം സ്വതന്ത്രമായി. പക്ഷെ വിഭജനം എന്ന ചതി അവിടെയും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയിലെ മഹാത്മാഗാന്ധിക്ക് തുല്യനായി വിയറ്റ്നാംകാര്‍ രാഷ്ട്രപിതാവായി അംഗീകരിച്ച ഹോചിമിന്നിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ അവസാനം വിയറ്റ്നാം വടക്കന്‍ വിയറ്റ്നാം, ദക്ഷിണ വിയറ്റ്നാം എന്ന തരത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടു. വടക്കന്‍ വിയറ്റ്നാമിന്റെ ഭരണം ഹോചി മിന്‍ ഏറ്റെടുത്തതോടെ ദക്ഷിണ വിയറ്റ്നാമിന് അമേരിക്ക സൈനിക പിന്തുണ നല്‍കാന്‍ ആരംഭിച്ചു. ദക്ഷിണ വിയറ്റ്നാം, വടക്കന്‍ വിയറ്റ്നാമിനുനേരെ ആക്രമണങ്ങള്‍ ആരംഭിച്ചതോടെ തിരിച്ചടി തുടങ്ങിയ വടക്കന്‍ വിയറ്റ്നാമിലെ വിയറ്റ് കോങ് ഭടന്മാരെ നിഷ്കരുണം കൊന്നൊടുക്കി.
1969ല്‍ 5,36,000 യുഎസ് സൈനികരെ വിന്യസിച്ചുകൊണ്ട് വലിയ ആക്രമണം തന്നെ അമേരിക്ക നടത്തി. ആയിരക്കണക്കിന് അമേരിക്കന്‍ ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ വികലാംഗരായി. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കന്‍ പൗരന്മാരെ ബലികൊടുക്കുന്നതില്‍ അമേരിക്കയില്‍ വലിയ രോഷമുണ്ടായി. മൂന്ന് ദശലക്ഷത്തോളം വിയറ്റ്നാംകാരും 58,200 യുഎസ് സൈനികരും മരിച്ചു. വടക്കന്‍ വിയറ്റ്നാമില്‍ അമേരിക്കന്‍ സൈന്യം വിതറിയ വിഷവാതകങ്ങള്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കി. 40 വര്‍ഷം നീണ്ട യുദ്ധം 1975ല്‍ യോജിച്ച സോഷ്യലിസ്റ്റ് വിയറ്റ്നാമിന്റെ പിറവിയില്‍ അവസാനിച്ചു. ഇന്ന് വിയറ്റ്നാം വലിയ പുരോഗതി നേടിയ രാഷ്ട്രമാണ്.
1973ല്‍ അഫ്ഗാന്‍ രാജാവ് മുഹമ്മദ് സാഹിര്‍ഷായെ ഒരു പട്ടാള വിപ്ലവത്തിലൂടെ ജനറല്‍ മുഹമ്മദ് ദാവൂദ് ഖാന്‍ പുറത്താക്കി. 1978 വരെ നടന്ന നിരന്തര സംഘര്‍ഷങ്ങള്‍ക്കവസാനം സോവിയറ്റ് പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍, “ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍” സ്ഥാപിച്ചു. പിപിഡിഎയുടെ ജനറല്‍ സെക്രട്ടറി നൂര്‍ മുഹമ്മദ് തരാക്കി ഭരണത്തലവനായി. പിപിഡിഎ ഭരണകാലത്ത് സാമൂഹ്യമായും വിദ്യാഭ്യാസപരമായും അഫ്ഗാനിസ്ഥാന്‍ വളരെയധികം പുരോഗമിച്ചു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി. സോവിയറ്റ് സഹായത്തോടെ കാര്‍ഷിക മേഖല വലിയ പുരോഗതി നേടി. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളായ മുജാഹിദുകളെ പണവും ആയുധവും നല്‍കി അമേരിക്ക സഹായിച്ചു.
1989ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിനു പിറകെ ആരാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങി. യുഎസിന്റെയും പാകിസ്ഥാന്റെയും പിന്തുണയോടെ താലിബാന്‍ തീവ്രവാദികള്‍ കാബൂളടക്കം രാജ്യത്തിന്റെ സിംഹഭാഗവും പിടിച്ചടക്കി. അതേസമയം വടക്കൻ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ വിരുദ്ധ സഖ്യത്തിന്റെ കീഴില്‍ തുടര്‍ന്നു. 2001 സെപ്റ്റംബര്‍ 11ന് അല്‍ — ഖ്വയ്ദ അമേരിക്കയില്‍ ആക്രമണം നടത്തി. അതിനുശേഷം അതിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ഒസാമ ബില്‍ ലാദന്‍ എന്ന സൗദി പൗരന് യുഎസ് പാലുകൊടുത്ത് വളര്‍ത്തിയ താലിബാന്‍ അഭയം നല്‍കിയതോടെ അവരുടെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സൈനിക ആക്രമണം നടത്തി. 2001ല്‍ ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തുടങ്ങിയ യുദ്ധം 20 വര്‍ഷം നീണ്ടുനിന്നു. 2011ല്‍ പാകിസ്ഥാനിലെ ഒളിത്താവളത്തില്‍ വച്ച് ഒബാമ ബിന്‍ ലാദനെ യുഎസ് കമാൻഡോകള്‍ വധിച്ചുവെങ്കിലും 2020–21 കാലഘട്ടം വരെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരേണ്ടിവന്നു. അമേരിക്കന്‍ പിന്മാറ്റത്തോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചുവന്നു. ഇപ്പോള്‍ താലിബാന്‍ ഭരണമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍.
(അവസാനിക്കുന്നില്ല)

