പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ യുദ്ധമായി മാറിയതോടെ പ്രവാസലോകം അതീവ ആശങ്കയിൽ. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രയേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ പ്രവചനാതീതമായി.
ഗൾഫ് രാജ്യങ്ങളിലായി കഴിയുന്ന ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാരിൽ പകുതിയോളം മലയാളികളാണ്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചതായും ചിലയിടങ്ങളിൽ ആകാശത്ത് വെച്ച് തന്നെ തകർത്തതായും റിപ്പോർട്ടുകളുണ്ട്. അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെട്ടത് പ്രവാസി കുടുംബങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അടിയന്തര ജാഗ്രതാ നിര്‍ദേശം നൽകി.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്നുമാണ് നിര്‍ദേശം. 2025‑ൽ നടന്ന ‘ഓപ്പറേഷൻ സിന്ധു‘വിന് സമാനമായി മറ്റൊരു വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായാണ് സൂചന.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി വരുമാനത്തെ ഈ യുദ്ധസാഹചര്യം നേരിട്ട് ബാധിക്കും. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല സ്തംഭിച്ചാൽ കേരളത്തിലേക്ക് എത്തുന്ന ഒരു ലക്ഷം കോടിയിലധികം രൂപയുടെ പണമൊഴുക്ക് നിലയ്ക്കും. ഇത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളെ തകർക്കാൻ സാധ്യതയുണ്ട്.
യുദ്ധം മൂലം വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും റൂട്ടുകൾ മാറ്റുകയും ചെയ്തതോടെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിച്ചു. കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ മാത്രം പവന് 5,240 രൂപയാണ് വര്‍ധിച്ചത്. നിലവിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,23,720 രൂപയിലെത്തി നിൽക്കുന്നു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ കടക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരാനും അത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനും ഇടയാക്കും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലെത്തുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍, ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയും അത് ഇന്ത്യയുടെ ഇന്ധന ബില്ലില്‍ വന്‍ വർധനവിന് കാരണമാവുകയും ചെയ്യും. വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം.
പശ്ചിമേഷ്യ കത്തുന്നു; പ്രവാസലോകം ആശങ്കയില്‍

