അവിശ്വസനീയമായി തോന്നുന്നുണ്ടോ? എന്നാൽ ഇത് ചരിത്രമാണ്. 120 വർഷത്തോളമായി തടങ്കലിൽ കഴിയുന്ന മരമാണിത്! ഇന്ന് പാകിസ്ഥാനിൽപ്പെട്ട ലാങ്ങി കോട്ടാൽ ആർമി ക്യാമ്പിലെ ഒരു മരത്തെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് അവർ കുറ്റം ചുമത്തി “തടങ്കലിലാക്കിയത്”. മരത്തിൽ ചങ്ങലകൊണ്ട് ചുറ്റിക്കെട്ടിയാണ് അറസ്റ്റ് രേഖപ്പെടുത്തിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം കൂടിയാണ് ഈ സംഭവം. 1898ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ക്യാപ്റ്റൻ ആയിരുന്നു ജെയിംസ് സ്ക്വഡ്. ഒരു ദിവസം രാത്രി നന്നായി മദ്യപിച്ച ശേഷം മുറിയിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന് തോന്നി അവിടെയുള്ള ഒരു മരം അദ്ദേഹത്തെ പിന്തുടരുന്നുവെന്ന്. ക്യാപ്റ്റൻ അലറി വിളിച്ചു. പട്ടാളക്കാർ ഓടിയെത്തി സമീപത്ത് നിന്ന മരം ചൂണ്ടി ക്യാപ്റ്റൻ പട്ടാളക്കാരോട് പറഞ്ഞു, ഈ മരം എന്നെ പിന്തുടരുന്നു. ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുക. ഉത്തരവ് ഉടനെതന്നെ പാലിക്കപ്പെട്ടു. വലിയ ചങ്ങലായാൽ മരത്തെ ബന്ധിച്ചു. പിന്നീട് എല്ലാ രാത്രികളിലും മദ്യപിച്ച് വന്ന് ക്യാപ്റ്റൻ ഈ മരത്തെ ശാസിക്കുമായിരുന്നു. മരത്തെപ്പോലും വെറുതെ വിടാത്ത ബ്രിട്ടീഷ് ഭരണ ക്രൂരത ജനങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് സ്വാതന്ത്ര്യം കിട്ടി വർഷം പലതു കഴിഞ്ഞിട്ടും മരത്തെ ചങ്ങലയാൽ ഇന്നും സംരക്ഷിച്ചിരിക്കുന്നത്. പാകിസ്ഥാൻ സർക്കാർ ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചിരിക്കുകയാണ്. മരം ഇപ്പോഴും ചങ്ങലയാൽ ചുറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്നു.