Site icon Janayugom Online

പൂക്കളമിട്ട്, ഓണസദ്യയുണ്ട് കേരള ടൂറിസം പാചകമത്സര വിജയികൾ

കേരള ടൂറിസം 2020–21 ൽ സംഘടിപ്പിച്ച പാചകമത്സരത്തിന്റെ 10 വിജയികൾ കുടുംബസമ്മേതം ഓണപ്പൂക്കളത്തിലും ഓണസദ്യയിലും പങ്കെടുത്ത് തങ്ങളുടെ കേരള സന്ദർശനം അവിസ്മരണീയമാക്കി. കേരള സന്ദർശനത്തിനെത്തിയ പത്ത് കുടുംബങ്ങളില്‍ അഞ്ച് കുടുംബങ്ങൾ വിദേശീയരാണ്.
മികച്ച അനുഭവമാണിവിടെ ലഭിച്ചതെന്ന് റഷ്യയിൽ നിന്നുള്ള വിജയി സ്വെറ്റാഷോവ നതാലിയ പറഞ്ഞു. വിഭവങ്ങളുടെ രുചിയെക്കുറിച്ചാണ് പശ്ചിമബംഗാളിൽ നിന്നുള്ള വിധിചുഗ് വാചാലയായത്. അഥീന അയോണ പാന്റ (യുകെ), മോറോസോവ് നികിത (റഷ്യ), റോക്സാന ഡാന സൈലാ (റുമേനിയ), യുകി ഷിമിസു (ജപ്പാൻ), രമാലക്ഷ്മി സുന്ദരരാജൻ (തെലങ്കാന), ജയ നാരായൺ (മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരൻ(കർണാടക), വിന്നി സുകാന്ത് (ആന്ധ്രാപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികൾ.

പപ്പടം, പഴം, പായസം, എന്നിവയ്ക്കൊപ്പം കുത്തരിച്ചോറും പരിപ്പ്, സാമ്പാർ, കാളനും കൂട്ടിയുള്ള ഊണ് സ്വദേശികളും വിദേശികളുമായ എല്ലാ അതിഥികൾക്കും പ്രിയങ്കരമായി. കോഴിക്കോട് റാവിസ് ഹോട്ടലിലായിരുന്നു ഓണസദ്യയൊരുക്കിയത്. നഗരത്തിലെ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കണ്ടതിനു ശേഷമാണ് സംഘം റാവിസിലെത്തിയത്. അവിടെ പൂക്കളമൊരുക്കാനും സന്ദർശകർക്ക് അവസരം ലഭിച്ചു. കേരള ടൂറിസം മൂന്നോട്ടു വയ്ക്കുന്ന മലബാർ ടൂറിസത്തിന്റെ ഭാഗമായി സന്ദർശനം കൂടുതലും വടക്കൻ കേരളം കേന്ദ്രീകരിച്ചായിരുന്നു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകിയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാർ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടു ദിവസത്തെ സന്ദർശനം ഓഗസ്റ്റ് 27 നാണ് ആരംഭിച്ചത്.

കേരള ടൂറിസത്തിൻറെ വെബ്സൈറ്റിനെ സജീവമാക്കി നിറുത്തുന്നതിൽ പാചകമത്സരം വലിയ പങ്ക് വഹിച്ചെന്ന് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഒരു കോടിയിൽപ്പരം ഹിറ്റുകളാണ് കേരള ടൂറിസത്തിന്റെ വെബ്സൈറ്റിന് ലഭിച്ചത്. ഓൺലൈൻ ഇടപെടലുകൾ സജീവമാക്കിയ ടൂറിസം വകുപ്പിന്റെ നടപടികളും ഇതിന് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളല്ലാത്ത ആർക്കും പങ്കെടുക്കാവുന്നതായിരുന്നു കേരള പാചക മത്സരം 2020–21. മൊത്തം 11,605 പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 8600 പേർ രാജ്യത്തിനകത്തു നിന്നും 2,629 പേർ വിദേശത്തു നിന്നുമായിരുന്നു. വീഡിയോ എൻട്രികൾ കേരള ടൂറിസത്തിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയും പൊതു വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ വിജയികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.

രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുപ്പിലാണ് പത്ത് വിജയികളെ പ്രഖ്യാപിച്ചത്. നാലംഗ ജൂറിയുടെ ഫലപ്രഖ്യാപനം നടത്തിയത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്.
വിജയികൾക്ക് സൗജന്യമായി കേരള സന്ദർശനവും ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്നു വരെ സംഘം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കൊച്ചി, കുമ്പളങ്ങി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കവ്വായി കായൽ, സെ. ആഞ്ചലോ കോട്ട, മുത്തപ്പൻ ക്ഷേത്രം, വയനാട്ടിൽ മുത്തങ്ങ, ഇടയ്ക്കൽ ഗുഹ, കോഴിക്കോട് ബേപ്പൂർ ബീച്ച് എന്നിവയും സംഘം സന്ദർശിച്ചു.

Eng­lish Summary:The win­ners of the Ker­ala Tourism cook­ing com­pe­ti­tion have Onam­sadya with flowers
You may also like this video

Exit mobile version