Site iconSite icon Janayugom Online

‘തനിക്കുപോലും നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥ’; മരിക്കാന്‍ അനുവദിക്കണമെന്ന് യുപിയിലെ വനിതാ ജഡ്ജി

CJCJ

തനിക്കുപോലും നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണെന്നും തന്നെ മരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയ്ക്ക് കത്തയച്ച് വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജിയാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ലൈംഗികാധിക്ഷേപം അടക്കം താന്‍ കേള്‍ക്കേണ്ടി വന്നെന്നും ഇതൊന്നും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ തന്നെ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ് താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ നീതിക്കുവേണ്ടി യാചകയാകേണ്ടി വരുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും ജഡ്ജി കത്തില്‍ പറയുന്നു. 

ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. .രാത്രി തന്നെ കാണാന്‍ ഒരു ജില്ലാ ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിച്ചു. 2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പിന്നീട്, 2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ആറ് മാസമെടുത്തു. ഇതിനായി ആയിരം മെയിലെങ്കിലും അയച്ചു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണ്.

ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഘട്ടത്തില്‍ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ആവശ്യം വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ സുപ്രീം കോടതി തള്ളി. ഇത്തരമൊരു അന്വേഷണത്തിന്റെ വിധി നമുക്കെല്ലാവര്‍ക്കും അറിയാം. എനിക്കുതന്നെ നിരാശയുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും. ഇനി ജീവിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ജഡ്ജിയുടെ കത്തില്‍ പറയുന്നു.
അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The woman judge wants to be allowed to die

You may also like this video

Exit mobile version