Site iconSite icon Janayugom Online

ജസ്‌നയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി സ്ത്രീയുടെ വെളിപ്പെടുത്തല്‍

എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്‌ജ്‌ ജീവനക്കാരി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്‌ജിൽ കണ്ടതായാണ് ഇവർ വെളിപ്പെടുത്തിയത്.

അഞ്ജാതനായ മറ്റൊരു യുവാവും, പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാരി പറയുന്നു.

വെളുത്തു മെലിഞ്ഞ പെൺകുട്ടി റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ടായിരുന്നതായും ഇവർ പറയുന്നു. പല്ലിൽ കമ്പി ഇട്ടിരുന്നത് കൊണ്ടാണ് സംശയം പിന്നീട് തോന്നിയത്.

തുടർന്ന് പത്രത്തിലും മറ്റും വന്ന ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്.

കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉള്ള ഒരു ദിവസം രാവിലെ 11.30 ഓടെയാണ് പെൺകുട്ടിയെ കണ്ടത്.

ഒരു പരീക്ഷ എഴുതാൻ പോകുകയാണെന്നും സുഹൃത്തിനെ കാത്തുനിൽക്കുകയാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്.

പിന്നീട് വെളുത്തു മെലിഞ്ഞ രൂപമുള്ള അഞ്ജാതനായ യുവാവ് ഉച്ചയോടെ വന്ന് മുറിയെടുത്തു.

102-ാം നമ്പർ മുറിയാണ് യുവാവ് എടുത്തത്. നാലുമണികഴിഞ്ഞ് രണ്ട് പേരും പോവുകയും ചെയ്തെന്നും സിബിഎ ഇതിനെക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ലെന്നും മുൻ ലോഡ്‌ജ് ജീവനക്കാരി പറഞ്ഞു.

മാധ്യമങ്ങളിൽ ജസ്‌നയുടെ ഫോട്ടോ സഹിതം വാർത്ത വന്നപ്പോൾ ”ഇത് അന്ന് ലോഡ്‌ജിൽ വച്ച് കണ്ട പെൺകുട്ടിയല്ലേ” എന്ന് ലോഡ്‌ജ് ഉടമയോട് ചോദിച്ചിരുന്നെന്നും എന്നാൽ ഇതിനെക്കുറിച്ച് ആരോടും ഒന്നും പറയണ്ടെന്ന് ലോഡ്‌ജ് ഉടമ നിർദ്ദേശിച്ചിരുന്നതായും മുൻ ജീവനക്കാരി പറയുന്നു.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ എല്ലാ വിവരവും പറഞ്ഞതായും മുൻ ലോഡ്ജ് ജീവനക്കാരി വ്യക്തമാക്കി.

ഇപ്പോൾ ലോഡ്ജിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നും ഇവർ പറഞ്ഞു.

എന്നാല്‍ ലോഡ്ജ് ഉടമ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.തന്നോടുള്ള വൈരാഗ്യം മൂലമാണ് ഇവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നതാണെന്നും ഇവരുടെ മൊഴിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നതാണെന്നും ജസ്‌ന ലോഡ്ജ് ഭാഗത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഒരു തെളിവുകളും ലഭിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Exit mobile version