സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷൻ. ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിലെത്തിയപ്പോള്‍ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമർശം. “എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യുമെന്ന് തൃഷ കുറിച്ചു. ലോകേഷ് കനകരാജും മൻസൂർ അലി ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചു.
English Summary:The Women’s Commission has taken a voluntary case against Mansoor Ali Khan
You may also like this video