Site iconSite icon Janayugom Online

കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ കോവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒരു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒയുടെ കോവിഡ് ടെക്‌നിക്കല്‍ മേധാവി മരിയ വാന്‍ കെര്‍ഖോവെ യാണ് വിഷയത്തില്‍ പ്രതികരിച്ചത്. കോവിഡിനെ കുറിച്ച് പ്രധാനമായും മൂന്നു തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് മരിയ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി അവസാനിച്ചു, ഒമൈക്രോണിനെ പേടിക്കാനില്ല, ഇത് കോവിഡിന്റെ അവസാന വകഭേദമാണ് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയാണ്. ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വൈറസ് വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു.

കോവിഡ് മരണം തടയുന്നതില്‍ വാക്‌സിനേഷന്‍ അവിശ്വസനീയമാം വിധം ഫലപ്രദമാണെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. BA.2 ആണ് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം. BA.1നെ അപേക്ഷിച്ച് BA.2ന്റെ തീവ്രതയില്‍ വലിയ മാറ്റമില്ല. പക്ഷേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് മരണസംഖ്യയും കൂടുമെന്ന ആശങ്ക ഡബ്ല്യുഎച്ച്ഒ പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധന പരിശോധിക്കുമ്പോള്‍ കോവിഡ് മുക്ത ലോകം അടുത്ത കാലത്തൊന്നും സാധ്യമാകില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്.

ആഗോളതലത്തില്‍ കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11 മില്യണ്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലും ദക്ഷിണ കൊറിയയിലും കോവിഡ് കേസുകളില്‍ 25 ശതമാനം വര്‍ധനയുണ്ടായി. മരണ നിരക്കില്‍ 27 ശതമാനം വര്‍ധനയുണ്ടായെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; The World Health Orga­ni­za­tion has expressed con­cern over the spread of mis­in­for­ma­tion about covid.

Exit mobile version