Site icon Janayugom Online

കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡബ്ള്യുഎച്ച്ഒയിലെ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ൽവാർഡ് മുന്നറിയിപ്പ് നൽകിയത്. 

ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഡോസുകള്‍ നല്‍കണം. മരുന്ന് കമ്പനികൾ അവരുടെ മുൻഗണനാ പട്ടികയിൽ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തണം.

ജനങ്ങളുടെ ജീവിതം ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. എത്രയും വേഗം വാക്സിന്‍ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടുപോകാതിരിക്കാന്‍ വേഗത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അയ്ല്‍വാര്‍ഡ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ജനസംഖ്യയുടെ 70 ശതമാനം പേർക്ക് ആവശ്യമായ കോവിഡ് വാക്സിൻ 2021ൽ നിർമ്മിക്കപ്പെട്ടു. എന്നാൽ കൂടുതൽ വാക്സിനുകളും വികസിത രാജ്യങ്ങളാണ് സ്വന്തമാക്കിയത്. വാക്സിൻ നിർമ്മിക്കുന്ന രാജ്യങ്ങൾ അവരുടെ ജനങ്ങളുടെ ഉപയോഗത്തിന് വേണ്ടി കയറ്റുമതി നിയന്ത്രിച്ചു. ഈ അനിശ്ചിതാവസ്ഥയെ ‘വാക്സിൻ ദേശീയത’ എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം വിശേഷിപ്പിക്കുന്നത്.
eng­lish summary;The World Health Orga­ni­za­tion says the covid cri­sis will con­tin­ue into 2022
you may also like this video;

Exit mobile version