ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നു. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമായിരിക്കും ആദ്യ പരിഗണന നല്‍കുക. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കും. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള കരാര്‍ അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ലോകം.
ഗാസയില്‍സമാധാനത്തിനുളള ട്രംപിന്റെ ഇരുപതിന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ക്കുളള വഴി വീണ്ടും തുറക്കുന്നത്. ഇസ്രയേല്‍-ഹമാസ് മധ്യസ്ഥര്‍ക്കൊപ്പം ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കും. ഗാസയില്‍ പ്രാരംഭ സൈനിക പിന്‍മാറ്റം ഇസ്രയേല്‍ അംഗീകരിച്ചതായി ട്രംപ് അറിയിച്ചിരുന്നു. കരാര്‍ ഉടന്‍ അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബന്ദികളെ ഉടന്‍മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വേഗത്തില്‍ തീരുമാനമെടുക്കാത്തപക്ഷം വലിയ വിലനല്‍കേണ്ടിവരുമെന്നും ഉന്മൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. തടവിലാക്കപ്പെട്ട ബന്ദികളെ വരും ദിവസങ്ങളില്‍ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതേ സമയം സമാധാന കരാര്‍ അംഗീകരിക്കപ്പെടുമ്പോഴും ഇസ്രയേല്‍ അക്രമണം അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.

