Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹം ‘നിസാർ’ വിക്ഷേപണത്തിനൊരുങ്ങി

ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹം ‘നിസാർ’ വിക്ഷേപണത്തിനൊരുങ്ങി. ഭൂമിയുടെ ഉപരിതലത്തിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഒപ്പിയെടുക്കാൻ ശേഷിയുള്ള ഈ ഉപഗ്രഹം ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത സംരംഭമാണ്. നാസ‑ഐഎസ്ആർഒ‑സിന്തറ്റിക് അപ്പാർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നിസാർ’. നാസയുടെ എൽ‑ബാൻഡും ഐഎസ്ആർഒയുടെ എസ്-ബാൻഡ് റഡാറുകളും സംയോജിപ്പിച്ച് ഡ്യുവൽ‑ഫ്രീക്വൻസി സിന്തറ്റിക് അപ്പാർച്ചർ റഡാർ (എസ്എആർ) പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമായിരിക്കും നിസാർ. 

കൂടുതൽ തരംഗദൈർഘ്യമുള്ള എൽ ബാൻഡ് റഡാറിന്റെ പ്രധാന സവിശേഷത സസ്യങ്ങൾ, മണ്ണ്, മഞ്ഞുപാളികൾ എന്നിവയിലേക്ക് പോലും തുളഞ്ഞു കയറി വിശദമായ ട്രാക്കിംങ്‌ സാധ്യമാക്കുന്നു എന്നതാണ് . ജൂലൈ 30 ന് വൈകുന്നേരം 5.40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കുമെന്ന് ബഹിരാകാശ ഏജൻസി അറിയിച്ചു. ഓരോ പന്ത്രണ്ട് ദിവസം കൂടുമ്പോഴും ഭൂഗോളനിരീക്ഷണം പൂർത്തിയാവും. ഭൂഗോളത്തെ മുഴുവൻ സ്കാൻ ചെയ്യാൻ കഴിയുന്നതാണ് ഇതിലെ സംവിധാനങ്ങൾ. സ്വീപ്‌സാർ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യമായി 242 കിലോമീറ്റർ വ്യാപ്തിയും ഉയർന്ന സ്‌പെഷ്യൽ റെസല്യൂഷനുമൊത്ത് നിസാർ ഭൂമിയെ നിരീക്ഷിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

Exit mobile version