ഒമിക്രോണിന്റെ എക്സ്ബിബി.1.5 ഉപവകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയെന്ന് കണ്ടെത്തല്‍. ഒമിക്രോണ്‍ വകഭേദങ്ങളായ ബിഎ.2.10.1, ബിഎ.2.75 എന്നിവയുടെ സംയോജിത രൂപമാണ് എക്സ്ബിബി.1.5.
നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വകഭേദങ്ങളേക്കാള്‍ എക്സ്ബിബി.1.5 അതിവേഗത്തില്‍ പകരുന്നുവെന്ന് ഇന്ത്യന്‍ സാര്‍സ് കോവ്-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ് (ഇന്‍സാകോഗ്) പറയുന്നു. ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 26 എക്സ്ബിബി.1.5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 38 രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 82 ശതമാനവും യുഎസിലാണ്. ബ്രിട്ടണ്‍ (എട്ട് ശതമാനം) ഡെന്‍മാര്‍ക്ക് (രണ്ട് ശതമാനം ) എന്നിങ്ങനെയാണ് കണക്ക്.
2022 അവസാനത്തിലാണ് എക്സ്ബിബി.1.5 ആദ്യമായി കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനില്‍വച്ച് അപൂര്‍വ ജനിതകമാറ്റങ്ങള്‍ വൈറസിന് ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് വൈറസുകളെ പ്രതിരോധിക്കുന്ന ആന്റിബോഡികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇതിനെ സഹായിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസിന്റെ ഉപരിതലത്തിൽ സ്പൈക്ക് പ്രോട്ടീൻ ഉണ്ട്, വൈറസ് മനുഷ്യ കോശങ്ങളിൽ പറ്റിപ്പിടിച്ച് ഒടുവില്‍ അവയിലേക്ക് പ്രവേശിക്കുന്നു. ഈ വൈറല്‍ സ്പൈക്ക് പ്രോട്ടീന്‍ പിന്നീട് എസിഇ2 എന്ന് പേരുള്ള മനുഷ്യ കോശ പ്രതലത്തിലെ ഒരു പ്രത്യേക പ്രോട്ടീനുമായി സ്വയം ബന്ധിപ്പിക്കുന്നു.
എക്സ്ബിബി.1.5 സ്പൈക്ക് പ്രോട്ടീനിലുണ്ടായ എഫ്486പി എന്ന അപൂര്‍വ ജനിതകമാറ്റം എസിഇ2വുമായി ബന്ധിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തിയെന്ന് ബെയ്ജിങ്ങിലെ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എഎസ്ഇ2വുമായി ബന്ധിക്കാനുള്ള ഒരു വകഭേദത്തിന്റെ ശേഷിയും വ്യാപനവുമായുള്ള ബന്ധം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് വാഷിങ്ടണിലെ ഫ്രെഡ് ഹുറ്റ്ചിസണ്‍ കാന്‍സര്‍ സെന്ററിലെ ജെസെ ബ്ലൂം പറയുന്നു. അതേസമയം എക്സ്ബിബി.1.5ന് അതിതീവ്ര വ്യാപന ശേഷിയുണ്ടെങ്കിലും വകഭേദത്തെക്കുറിച്ച് അധികം ആശങ്ക വേണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. വൈറസ് രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതിന് കാരണമായിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary:The XBB.1.5 subtype is highly proliferative
You may also like this video