Site iconSite icon Janayugom Online

പൊലീസ് സംരക്ഷണത്തില്‍ ചികിത്സയ്ക്കെത്തിച്ച യുവാവ് ആശുപത്രിയില്‍ വെച്ച് അക്രമാസക്തനായി

ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകരുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് പൊലീസ് സംരക്ഷണയിൽ ചികിത്സയ്ക്കെത്തിച്ചയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ചികിത്സയ്ക്കിടെ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ ആക്രമണ ശ്രമവും നടത്തി. നെടുങ്കണ്ടം ബിഎഡ് കോളജ് ജംഗ്ഷനിൽ നെടുങ്കണ്ടം സ്വദേശി പ്രവീണും കൂട്ടത്തിൽ ജോലിചെയ്യുന്ന ആളുകളുമായി സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രവീൺ തകർത്തു. ഇതോടെ വാഹന ഉടമകളുമായി അടിപിടി ഉണ്ടാവുകയായിരുന്നു. സ്റ്റീൽ കമ്പിക്ക് തലയ്ക്ക് അടിയേറ്റ പ്രവീൺ നിലത്തുവീണു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ അക്രമസ്വഭാവം കാണിച്ച ഇയാൾ പൊലീസിനെ വെട്ടിച്ച് ഇറങ്ങി ഓടി. ഇതോടെ പൊലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് മൽപ്പിടുത്തത്തിലൂടെ വീണ്ടും ഇയാളെ പിടികൂടി. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിച്ച പ്രവീൺ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ വലിച്ചെറിയുകയും ചെയ്തു. 

ഇതേത്തുടർന്ന് ഇയാളെ കട്ടിലിൽ കൈകാലുകൾ ബന്ധിച്ച ശേഷമാണ് മുറിവുകൾ വച്ചുകെട്ടിയത്. ഇയാളുടെ തലയ്ക്ക് എട്ട് സ്റ്റിച്ചുകളാണ് ഉള്ളത്. ഡീ അഡിക്ഷൻ ചികിത്സ നടത്തി വന്നിരുന്ന ആളാണ് പ്രവീണെന്നും ചികിത്സയ്ക്കിടെ വീണ്ടും മദ്യപിച്ചതാണ് അക്രമാസക്തനാകാൻ കാരണമെന്നും പൊലീസ് പറഞ്ഞു.
ഇയാളെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഈ സംഭവത്തിലും കൊട്ടാരക്കര സംഭവത്തിലും പ്രതിഷേധിച്ച് നെടുങ്കണ്ടം ടൗണിൽ ഡോക്ടർമാരും ജീവനക്കാരും പ്രകടനം നടത്തി. പ്രകടനമായെത്തിയവർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് മുമ്പിലും പ്രതിഷേധിച്ചു. 

Eng­lish Sum­ma­ry: The young man who was tak­en for treat­ment under police pro­tec­tion became vio­lent in the hospital

You may also like this video

Exit mobile version