യുവതിയെ കത്തി കാട്ടി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. ഒഡീഷ സ്വദേശിനിയായ 27 കാരിയെയാണ് ബിഹാറിൽ നിന്നുള്ള മൂന്ന് അതിഥി
തൊഴിലാളികൾ ഭർത്താവിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്‌തത്. തിരുപ്പൂരിലാണ് സംഭവം. ഇവർ ആദ്യം ഭർത്താവിന്റെ കൈകൾ കെട്ടിയിട്ടു.
ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കത്തി ചൂണ്ടി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് 17 വയസാണ്
പ്രായം.
ജോലി തേടിയാണ് യുവതി ഭർത്താവിനും മൂന്ന് വയസ്സുള്ള കുട്ടിക്കുമൊപ്പം തിരുപ്പൂരിൽ എത്തിയത്. തിങ്കളാഴ്ച രാത്രി തിരുപ്പൂർ പട്ടണത്തിലെ പുഷ്പ ജംഗ്ഷന് സമീപം സ്ത്രീയും ഭർത്താവും കുട്ടിയോടൊപ്പം നടക്കുകയായിരുന്നു. ബിഹാറിൽ നിന്നുള്ള മൂന്ന് അതിഥി തൊഴിലാളികൾ ജോലി വാഗ്ദാനം ചെയ്താണ് കുടുംബത്തെ സമീപിക്കുന്നത്. മൂവരും കുടുംബത്തെ ലക്ഷ്മി നഗറിലെ വാടക മുറിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രിയിൽ, അവര്‍ ഭർത്താവിനെ ആക്രമിച്ചു ശേഷം കയർ കൊണ്ട് കെട്ടിയിട്ട് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിർത്തപ്പോൾ, കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറിക്കുമെന്ന് പ്രതികളിലൊരാള്‍ ഭീഷണിപ്പെടുത്തി. പിറ്റേന്ന് സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് നദീം, മുഹമ്മദ് ഡാനിഷ്, കൂടാതെ പ്രതിയായ കൗമാരക്കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.