മധ്യപ്രദേശിലെ ഭിന്ദിൽ ഹെൽമെറ്റ് ധരിക്കാതെ ഇന്ധനം നിറക്കാനെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്ക് ഇന്ധനം നൽകാത്തതിനാൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ, ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിലെ (എൻഎച്ച് ‑719) സാവിത്രി ലോധി പെട്രോൾ പമ്പിലായിരുന്നു ജീവനക്കാരനുനേരെ ആക്രമണമുണ്ടായത്. തേജ് നാരായൺ നർവാരിയ (55) ക്കാണ് വെടിയേറ്റത്.
ഹെൽമെറ്റ് ധരിക്കാത്തതിനാൽ ഇന്ധനം നൽകില്ലെന്ന പറഞ്ഞ ജോലിക്കാരനുമായി യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രോഷാകുലരായ യുവാക്കൾ വെടിയുതിർക്കാൻ തുടങ്ങി. നർവാരിയയുടെ കൈയിൽ ഒരു വെടിയുണ്ട തുളച്ചു കയറി.
പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതും മറ്റൊരാൾ റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതും കാണാം. നിരവധി റൗണ്ട് വെടിയുതിർത്തതിനാൽ പമ്പിലെ പരിഭ്രാന്തരായ ജീവനക്കാർ ഒളിച്ചിരിക്കാൻ നിർബന്ധിതരായി. അക്രമികൾ പോയതിനുശേഷം, നർവാരിയയെ ഭിന്ദ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗ്വാളിയോറിലെ ഒരു ആശുപത്രിയിലേക്കും കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

