Site iconSite icon Janayugom Online

കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ച കേസ്; കോൺഗ്രസ് നേതാവായ പ്രതിയെ റിമാൻഡ് ചെയ്തു

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച കേസിലെ പ്രതി കോൺഗ്രസ് നേതാവായ ദേവസ്വം വാച്ചർ കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 20ന് ആയിരുന്നു മോഷണം നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ജീവനക്കാർ കാണിക്ക തുക തരംതിരിച്ച് എണ്ണി കെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിച്ചിരുന്നു. 

പണം കൊണ്ടു പോകാനായി ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ സംശയകരമായി രാകേഷ് കൃഷ്ണൻ ചുറ്റി തിരിയുന്നത് അസിസ്റ്റന്റ് കമ്മീഷണർ കാണുകയും തുടർന്ന് നടത്തിയ തിരച്ചിലിനടിയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പെട്ടിയിൽ നിന്നും 32000 രൂപ പിടിച്ചെടുക്കുകയും ആയിരുന്നു. അവിടെനിന്ന് ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കാർത്തികപ്പള്ളിയിലുള്ള ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. 

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റായ രാകേഷ് കൃഷ്ണൻ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനാണ്. കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റുമാണ്.

Exit mobile version