Site iconSite icon Janayugom Online

സ്വർണക്കവർച്ച; മൂന്നരക്കിലോ സ്വർണം ഇരുട്ടിൽ

ഊട്ടി റോഡിലെ കെ എം ജൂവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് കവർന്ന മൂന്നരക്കിലോ സ്വർണം ഇരുട്ടിൽത്തന്നെ. കേസിൽ പിടിയിലായ ആറ്പ്രതികളെ ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ വ്യക്തമല്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിൽ കണ്ണൂർ സ്വദേശികളായ രണ്ടു പ്രതികളെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. തൃശൂർ സ്വദേശികളായ രണ്ടു പ്രതികൾ റിമാൻഡിൽ തുടരും. തൃശൂർ വരന്തരപ്പിള്ളി കോരനൊടി കളിയങ്ങര വീട്ടിൽ സജിത്ത് കുമാർ, തൃശൂർ പാവറട്ടി ചിറ്റാറ്റൂർക്കര കോരാംവീട്ടിൽ നിഖിൽ എന്നിവരാണ് റിമാൻഡിലുള്ളത്. കണ്ണൂർ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ട്യം ശ്രീരാജിൽ നിജിൽരാജ്, കൂത്തുപറമ്പ് പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 

കരിപ്പൂർ- കൊടുവള്ളി സ്വർണംപൊട്ടിക്കൽ സംഭവങ്ങളോടെ സജീവമായ കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘമാണോ പെരിന്തൽമണ്ണ കവർച്ചയുടെ പിന്നിലുള്ളതെന്നും പൊലീസ് പരിശോധിക്കുന്നു. നാലു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിട്ടും അപഹരിക്കപ്പെട്ട മൂന്നരക്കിലോ സ്വർണം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ കൂട്ടുപ്രതികളായ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. സ്വർണം അവരുടെ പക്കലാണെന്നാണ് പൊലീസ് പറയുന്നത്. 

കവർച്ച നടത്താനുപയോഗിച്ച കാറുമായി തൃശൂരിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് നാലു പ്രതികളെ പിടികൂടുന്നത്. എന്നാൽ ഇവർ പിടിനൽകുന്നതു പോലും ആസൂത്രണത്തിന്റെ ഭാഗമായാണോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. കവർച്ച നടക്കുമ്പോൾ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർപ്ലേറ്റ് പൊലീസ് പിടികൂടുമ്പോഴേക്കും പ്രതികൾ മാറ്റിയിരുന്നു. മൂന്നരക്കിലോ സ്വർണവുമായി അഞ്ചു പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. 

പിടിയിലായ നാലു പ്രതികൾക്കെതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. കൂടാതെ പിടിയിലായ നാലുപേർക്ക് പരസ്പരം മുൻ പരിചയമില്ലെന്നാണ് പൊലീസിനോടു പറഞ്ഞത്. വ്യത്യസ്ത സ്ഥലത്തു നിന്ന് വ്യത്യസ്ത സമയങ്ങളിൽ അവർ ആ വാഹനത്തിൽ കയറുകയായിരുന്നു എന്നാണ് മൊഴി. വിദഗ്ധമായി ആസൂത്രണംചെയ്യപ്പെട്ട്, കാണാമറയത്തിരുന്ന് പ്രധാന കവർച്ചക്കാർ നിയന്ത്രിക്കുന്ന രീതിയിലാണ് സംഭവങ്ങൾ നടന്നിരിക്കുന്നതും ഇപ്പോൾ പുരോഗമിക്കുന്നതും. പിടിയിലായവർ നൽകുന്ന മൊഴിപോലും മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിലുള്ളതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ‌്പി ടി കെ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം തട്ടലിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്നും പറയുന്നു. ജ്വല്ലറി ഉടമകളായ സഹോദരങ്ങളുടെ യാത്രാവിവരങ്ങൾ കൃത്യമായി സ്കെച്ച് ചെയ്തവർ നഗരത്തിലെ സന്ദർശകരായെന്നും പറയുന്നു. സംഘത്തിൽ പ്രാദേശിക ബന്ധങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Exit mobile version