Site icon Janayugom Online

അവരുടെ ലക്ഷ്യം അയോധ്യയും മഥുരയുമല്ല, ഇന്ത്യ

“സുപ്രീം കോടതി ജഡ്ജിമാരുടെ മനസിൽ എന്താണുള്ളതെന്ന് ആർക്കാണ് പറയാൻ സാധിക്കുക? ഗ്യാൻവാപി പള്ളി വിഷയം ഉയർന്നുവന്ന ആദ്യനാളില്‍ത്തന്നെ, ‘പ്ലേസസ് ഓഫ് വർഷിപ്പ് ആക്ട് ഇവിടെയുണ്ട്, അതുകൊണ്ട് ഈ അസംബന്ധം അവസാനിപ്പിക്കൂ’ എന്ന് സുപ്രീം കോടതിക്ക് പറയാമായിരുന്നു. ജുഡീഷ്യറി ശക്തമായി നിലനിൽക്കുന്ന കാലത്തോളമാണ് ഇന്ത്യയുടെ ക്ഷേമം ഉറപ്പുവരിക. നിർഭാഗ്യവശാൽ അത് പലപ്പോഴും സംഭവിക്കുന്നില്ല”- റിട്ട. ഹെെക്കോടതി ജസ്റ്റിസ് കോൽസേ പാട്ടീലിന്റെ വാക്കുകളാണിത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കോല്‍സേ ഇങ്ങനെ പറഞ്ഞത്. വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ സര്‍വേ വേണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, കേസ് വാരാണസി ജില്ലാ കോടതിക്ക് കൈമാറിയതിനെക്കുറിച്ചായിരുന്നു കോല്‍സേയുടെ പ്രതികരണം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്ന രാവണിനെ ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ചതിനെതിരെ ശബ്ദിച്ചയാളാണ് ജസ്റ്റിസ് കോൽസേ. ‘1992ലെ ബാബറി മസ്ജിദ് ധ്വംസനം വർഗീയ കക്ഷികളെ ഏറെ നിർഭയരാക്കി, രാജ്യത്തിന്റെ നിയമങ്ങളെ കാറ്റിൽപ്പറത്തിയാലും കുറ്റവിമുക്തരായി നടക്കാമെന്ന വിശ്വാസം അത് അവരുടെ മനസുകളിൽ ഉറപ്പിച്ചു‘വെന്നും ജസ്റ്റിസ് കോൽസേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവസാന പ്രതീക്ഷ പരമോന്നത നീതിപീഠത്തിലായിരിക്കുമെന്നത് സ്വാഭാവികം. പക്ഷേ ന്യായാധിപന്മാരുടെ മനസ് എന്തായിരിക്കുമെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ എന്ന ജസ്റ്റിസ് കോല്‍സേയുടെ ചിന്ത വളരെ പ്രസക്തമാണുതാനും. മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് മസ്ജിദിൽ പരിശോധന നടത്താൻ കമ്മിഷനെ നിയോഗിക്കാൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതിരുന്ന സുപ്രീം കോടതിയുടെ ഡിസംബര്‍ 15ലെ നിലപാട് ജസ്റ്റിസ് കോല്‍സേയുടെ വാക്കുകളെ വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഭൂമി തർക്ക കേസുകൾ മൊത്തത്തിൽ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ സുപ്രീം കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് പരിശോധനയ്ക്ക് സ്റ്റേ വേണമെന്ന ആവശ്യം പള്ളിക്കമ്മിറ്റി ഉന്നയിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ് എൻ വി ഭട്ടിയും അടങ്ങുന്ന ബെഞ്ച്, ഹൈക്കോടതി ഉത്തരവിനെ ആരും ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. നിലവിൽ പരിഗണിക്കുന്ന ഹർജികളിലെ വാദംകേൾക്കൽ ജനുവരി ഒമ്പതിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. പള്ളിയിൽ പരിശോധന നടത്താൻ കമ്മിഷനെ നിയോഗിക്കണമെന്ന ഹിന്ദുത്വ വിഭാഗത്തിന്റെ ഹർജി അലഹബാദ് ഹൈക്കോടതി അനുവദിച്ചിരുന്നു. മൂന്നംഗ അഭിഭാഷക കമ്മിഷനാകും പരിശോധന നടത്തുക. പരിശോധനാരീതികളും സംഘത്തെയും തീരുമാനിക്കാൻ ഡിസംബർ 18ന് വിഷയം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചെങ്കിലും അന്നും തീരുമാനമുണ്ടായില്ല. സുപ്രീം കോടതി അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്ന മുസ്ലിം വിഭാഗത്തിന്റെ വാദം പരിഗണിക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ:അയോധ്യ അവരുടെ അജണ്ടയാണ്


മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ മുമ്പ് ഹിന്ദുക്ഷേത്രമായിരുന്നു എന്നുമാണ് ഹിന്ദുത്വക്കാരുടെ പ്രധാന വാദം. താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ദേവന്മാരിൽ ഒരാളായ ശേഷനാഗിന്റെ ചിത്രം പള്ളിയുടെ അടിയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. മസ്ജിദിന്റെ തൂണിനു ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും അതുകൊണ്ടുതന്നെ പള്ളിയിൽ പരിശോധന നടത്താൻ കമ്മിഷനെ നിയമിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. മുമ്പ് ഇതേ ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അതേ സുപ്രീം കോടതിയാണ് പരിശോധന സ്റ്റേ ചെയ്യാന്‍ ഇപ്പോള്‍ വിസമ്മതിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്ര കേശവ്ദേവ് ക്ഷേത്രം തകർത്താണ് മഥുര ഷാഹി ഈദ്ഗാഹ് നിർമ്മിച്ചതെന്നും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരമാണിതെന്നുമാണ് ഹിന്ദുവിഭാഗം അവകാശപ്പെടുന്നത്. 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശവും അവര്‍ ആവശ്യപ്പെടുന്നു. 1991ലെ ആരാധനാലയ സംരക്ഷണനിയമം ചൂണ്ടിക്കാട്ടി ഹർജി തള്ളാനാണ് മുസ്ലിം പക്ഷം കോടതിയിൽ തടസഹർജി നൽകിയത്. 1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവിയും തല്‍സ്ഥിതിയും നിലനിർത്തണമെന്നാണ് ഈ നിയമം പറയുന്നത്. എന്നിട്ടും മസ്ജിദുകളില്‍ ഹിന്ദുത്വവാദികള്‍ക്ക് വേണ്ടി സര്‍വേ നടത്താന്‍ പരമോന്നത നീതിപീഠം ഉള്‍പ്പെടെ അനുവാദം നല്‍കുമ്പോള്‍ നിയമം ‘ചിലര്‍ക്ക് മാത്രം ബാധകം’ എന്ന ചിന്ത ബലപ്പെടുകയാണ്. ഇത് കേവലം ഒരു പ്രദേശത്തെ ആരാധനാലയ സംബന്ധിയായ തര്‍ക്കമല്ല. സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ സംഘ്പരിവാര്‍ മുന്നോട്ടുവച്ചിട്ടുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.

രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്ത് അവരുയര്‍ത്തിയ മുദ്രാവാക്യം: ‘അയോധ്യാ തോ സിർഫ് ജാൻകി ഹെ, കാശി-മഥുര ബാക്കി ഹെ’ (അയോധ്യ വെറും തുടക്കം മാത്രമാണ്, കാശിയും മഥുരയും ബാക്കിയാണ്) എന്നാണ്. യഥാർത്ഥത്തിൽ അയോധ്യ, കാശി, മഥുര എന്ന മുദ്രാവാക്യം ആദ്യം ഉയരുന്നത്‌ 1949ലാണ്‌. ഹിന്ദു മഹാസഭയാണീ മുദ്രാവാക്യം ഉയർത്തിയത്‌. 1983–84 വർഷത്തില്‍ ഇത്‌ വീണ്ടും സജീവമായി. ബാബറി മസ്‌ജിദ്‌ നിൽക്കുന്ന സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിന്‌ നൽകണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ആവശ്യപ്പെട്ടത് 1984ലാണ്. 1989ൽ അത്‌ ബിജെപി ഏറ്റെടുത്തു. 1992ല്‍ ബാബറി പള്ളി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെതന്നെ കാശി, മഥുര അജണ്ട സംഘ്പരിവാർ മുന്നോട്ടുവച്ചു. അന്ന്‌ നേതൃത്വത്തിലുണ്ടായിരുന്ന എല്‍ കെ അഡ്വാനി പറഞ്ഞത്‌ ഈ അജണ്ട ഉടൻ പുറത്തെടുക്കില്ലെന്നായിരുന്നു. ഒരിക്കലും ആവശ്യമുയർത്തില്ലെന്ന്‌ അഡ്വാനി പറഞ്ഞതിന് അര്‍ത്ഥമില്ലെന്ന്‌ വിഎച്ച്‌പി നേതാവായ അശോക്‌ സിംഗാൾ വിശദീകരിക്കുകയും ചെയ്‌തു. 2020ൽ അയോധ്യയിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ വിഎച്ച്പി, എബിവിപി തുടങ്ങിയ ഹിന്ദു സംഘടനകൾ, അയോധ്യ തുടക്കമാണെന്നും മറ്റ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം വെെകാതെ തുടങ്ങുമെന്നും അവകാശപ്പെട്ടിരുന്നു. 2018ല്‍ ഹിന്ദുത്വ നേതാവ് സാക്ഷി മഹാരാജ് ഡൽഹിയിലെ ജുമാ മസ്ജിദ് തകർക്കാനും ആഹ്വാനം ചെയ്തു. ‘ജുമാ മസ്ജിദ് തകർക്കൂ, അതിന്റെ ഗോവണിപ്പടിക്കടിയിൽ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് എന്നെ തൂക്കിക്കൊല്ലാം’ എന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. മുഗൾ ഭരണകര്‍ത്താക്കള്‍ ക്ഷേത്രങ്ങൾ തകർത്താണ് 3000 മുസ്ലിം പള്ളികൾ നിർമ്മിച്ചതെന്നും സാക്ഷി ആരോപിച്ചു. മഥുരയും അയോധ്യയും മാറ്റിവച്ച് ഡൽഹി മസ്ജിദിൽ ശ്രദ്ധയൂന്നാനാണ് താൻ രാഷ്ട്രീയത്തിൽ വന്നതു മുതൽ പറയുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.


ഇതുകൂടി വായിക്കൂ:ആടിയുലയുന്ന തൂണുകള്‍


രാജ്യത്തിന്റെ തന്നെ തകർച്ചയ്ക്കു കാരണമായ ഒരു രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു ബാബറി ധ്വംസനം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമിപൂജ നടന്നതോടെ അടുത്ത ലക്ഷ്യം മഥുരയാണെന്ന്‌ സംഘ്പരിവാർ പ്രഖ്യാപിച്ചു. ബാബറി പള്ളി തകർത്ത സ്ഥലം, തകര്‍ത്തവര്‍ക്ക് തന്നെ രാമക്ഷേത്ര നിർമ്മാണത്തിന്‌ വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതോടെതന്നെ മഥുരയിലെ പള്ളി തകർക്കാനുള്ള പദ്ധതികള്‍ക്കും അവര്‍ തുടക്കമിട്ടു. ഹർനാഥ്‌ സിങ്‌ എന്ന ബിജെപി എംപി ‘ജയ്‌ ശ്രീകൃഷ്‌ണ’ എന്നെഴുതിയ വസ്ത്രവുമണിഞ്ഞ് പാർലമെന്റ് സമ്മേളനത്തിൽ എത്തുകവരെ ചെയ്തു. അടുത്തത്‌ മഥുരയും വാരാണസിയുമാണെന്ന്‌ വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ ഭൂമിപൂജ നടക്കുമ്പോൾ ബിജെപി നേതാവായ വിനയ്‌ കത്യാർ പറഞ്ഞത്‌ കാശി, മഥുര വിഷയത്തില്‍ അമാന്തം പാടില്ലെന്നായിരുന്നു. തുടര്‍ന്ന് ഹിന്ദുസന്യാസിമാരുടെ സംഘമായ അഖിൽ ഭാരതീയ സന്ത്‌ സമിതി വാരാണസിയിൽ യോഗം ചേർന്ന്‌ ശ്രീ കാശി ഗ്യാൻവ്യാപി മുക്ത്‌ യജ്ഞസമിതിയുണ്ടാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത പള്ളി പൊളിച്ചുനീക്കുക തന്നെയായിരുന്നു ലക്ഷ്യം. സുബ്രഹ്മണ്യ സ്വാമിയായിരുന്നു സമിതിയുടെ അധ്യക്ഷൻ. ബാബറി പള്ളി പൊളിക്കുന്നതിന്‌ 1984ല്‍ സംഘ്പരിവാർ രൂപംകൊടുത്തത്‌ രാമജന്മഭൂമി മുക്തി യജ്ഞ സമിതിക്കായിരുന്നുവെന്നത് കൂട്ടിവായിക്കാവുന്നതാണ്. ജനങ്ങള്‍ ദുരിതത്തിലായിരുന്ന കോവിഡ് കാലത്ത് ഇവര്‍ ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തി ആന്ദോളൻ ട്രസ്റ്റിന്‌‌ രൂപം നൽകി. അലഹബാദിൽ ചേർന്ന അഖിൽ ഭാരതീയ അഖാഡ പരിഷത്തും ഇതേ ലക്ഷ്യത്തിലായിരുന്നു. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിന്റെ അനുയായി നരേന്ദ്ര ഗിരിയാണ്‌ പരിഷത് അധ്യക്ഷൻ. ആർഎസ്‌എസിന്റെ പിന്തുണയോടെയാണ്‌ കാശി, മഥുര മുദ്രാവാക്യം സജീവമാകുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേണ്ടതില്ല. മുസ്ലിങ്ങൾ മഥുര, കാശി ക്ഷേത്രങ്ങൾ തകർത്തെന്നു കാണിച്ച് എഫ്‌ഐആർ ഫയൽ ചെയ്യാന്‍ തീരുമാനിച്ചത് അഖിൽ ഭാരതീയ അഖാഡ പരിഷത്താണ്. കേന്ദ്രത്തിലും യുപിയിലും തങ്ങളുടെ സർക്കാരായതിനാൽ ലക്ഷ്യം എളുപ്പമാകുമെന്ന് നരേന്ദ്ര ഗിരി ആത്മവിശ്വാസവും പ്രകടിപ്പിച്ചു. മഥുരയിൽ മസ്‌ജിദ്‌ നിൽക്കുന്ന സ്ഥലത്തിന്‌ അവകാശവാദമുന്നയിച്ച്‌ രഞ്ജന അഗ്നിഹോത്രിയെന്ന അഭിഭാഷക പ്രാദേശിക കോടതിയിൽ ഹർജി ഫയൽ ചെയ്തതും ഇതിന്റെ പിന്‍ബലത്തിലാണ്.

ശ്രീകൃഷ്‌‌ണ ജന്മഭൂമി ട്രസ്റ്റും ഈദ്‌ഗാഹ്‌ കമ്മിറ്റിയും തമ്മിലുള്ള 1968ലെ കരാറിനെ വെല്ലുവിളിക്കുന്നതായിരുന്നു ഹർജി. 1993ൽ മോഹൻലാൽ ശർമ എന്നയാളും കരാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആരാധനാലയങ്ങളുടെ സ്വഭാവം അതേപടി നിലനിർത്തണമെന്ന 1991ലെ നിയമം മരവിപ്പിക്കണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. ഇതേ ആവശ്യത്തില്‍ മറ്റ് ചില ഹര്‍ജികളും വിവിധ കോടതികളിലെത്തിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വലിയ ഗൂഢാലോചന അരങ്ങേറുന്നുവെന്നാണ്‌. ഇന്ത്യയെന്ന മതേതര രാജ്യത്തെ തകര്‍ത്ത് മതരാഷ്ട്രം സ്ഥാപിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നു എന്നാണ്. അതാണവര്‍ ഭാരതമെന്ന പേരുമാറ്റത്തിലൂടെ ഇടക്കാലത്ത് പ്രഖ്യാപിച്ചത്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മ്മിച്ച രാമക്ഷേത്രം ഉദ്ഘാടനം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചരണമേളയാക്കുന്നത്. അതിനെയെല്ലാം പ്രതിരോധിക്കാന്‍ നീതിപീഠങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ കൊടിയ വിപത്താകും രാജ്യം അഭിമുഖീകരിക്കേണ്ടിവരിക.

Exit mobile version