28 April 2024, Sunday

ആടിയുലയുന്ന തൂണുകള്‍

Janayugom Webdesk
December 24, 2023 5:00 am

ജനാധിപത്യത്തിന്റെ അടിസ്ഥാനവും മൂല്യങ്ങളും ദ്രവിച്ചുവീഴുകയാണ്. താങ്ങായിരുന്ന തൂണുകള്‍ ആടിയുലയുകയാണ്. ഫെഡറലിസം മാത്രമല്ല, ഭരണഘടനാ തത്വങ്ങളും വെല്ലുവിളികള്‍ നേരിടുകയും വന്യമായ ആക്രമണങ്ങളില്‍ അടിപതറുകയും ചെയ്യുന്നു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മു കശ്മീർ സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്നെ എക്സിക്യൂട്ടീവിന്റെ അധികാര ദുർവിനിയോഗത്തിന് ഭരണഘടനാസ്ഥാപനമായ കോടതി കീഴടങ്ങുന്നതിന്റെ തുടക്കമായിരുന്നു. ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മൂന്ന് സമകാലിക വിധിന്യായങ്ങളും ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങളുടെയും വേരുകൾ തകർക്കുന്നതും ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതുമാണ്. അനുച്ഛേദം 370 റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങുമ്പോള്‍ ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിലായിരുന്നു. കശ്മീർ ജനതയ്ക്ക് രാജ്യം നല്‍കിയ ഉറപ്പ് മറന്ന്, വഞ്ചനയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. അനുച്ഛേദം 370 ഒരു താൽക്കാലിക നടപടിയാണെന്നും ജമ്മു കശ്മീർ സംസ്ഥാനത്തിന് ‘ആഭ്യന്തര പരമാധികാരം’ ഇല്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുകയായിരുന്നു പരമോന്നത കോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത് എന്തുകൊണ്ട്, അത്തരമൊരു പദവി എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങളോട് കോടതി മുഖംതിരിച്ചു.

 


ഇതുകൂടി വായിക്കൂ; ജനാധിപത്യം നിഷ്ക്രിയമാക്കപ്പെട്ട കാമ്പസുകൾ


താൽക്കാലികമായ ഒന്നായിരുന്നില്ല അനുച്ഛേദം 370. അത് ഭരണഘടനാ അധികാരികൾ കശ്മീരിലെ ജനങ്ങള്‍ക്കു നല്‍കിയ പ്രതിബദ്ധതയുടെ മറുവാക്കായിരുന്നു. സംസ്ഥാനത്തെ ജനപ്രതിനിധികളുടെ സമ്മതത്തോടെ നിർവചിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന ഭരണഘടനാപരമായ ഉറപ്പിനെയും പ്രതിനിധീകരിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ വിധിയില്‍ പ്രത്യേക പദവിക്കുള്ള വ്യവസ്ഥ എന്നതിലുപരി’ യൂണിയനും ജമ്മു കശ്മീരിനും ഇടയിലുള്ള ഭരണഘടനാപരമായ ഏകീകരണം വർധിപ്പിക്കാൻ’ ഉദ്ദേശിച്ചുള്ളതാണ് അനുച്ഛേദം 370 എന്ന് അവകാശപ്പെടുന്നു. 370 (1) പ്രകാരം രാഷ്ട്രപതി തുടർച്ചയായി അധികാരം വിനിയോഗിക്കുന്നത് ഭരണഘടനാപരമായ ഏകീകരണത്തിന്റെ ക്രമാനുഗതമായ പ്രക്രിയയെന്നാണ് കോടതി അവകാശപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥചരിത്രം, സ്വയംഭരണാവകാശം നിഷേധിക്കാനും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറാനും അത് നിരന്തരം ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ്. കേന്ദ്രം നിയമിക്കുന്ന ഗവർണർ, രാഷ്ട്രപതി ഭരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചൂഷണത്തിന്റെ പാത തെളിച്ചു. എങ്കിലും കോടതിയുടെ കണ്ടെത്തല്‍ ഇങ്ങനെയാണ്, ‘അനുച്ഛേദം 370 (3) പ്രകാരം രാഷ്ട്രപതിയുടെ പ്രഖ്യാപനം സംയോജന പ്രക്രിയയുടെ ഒരു പരിസമാപ്തിയാണ്. അതിനാൽ അത് സാധുതയുള്ള അധികാര പ്രയോഗമാണ്’. ന്യായാധിപന്മാരുടെ ഈ വിധിയനുസരിച്ച്, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മറ്റും നൽകിയിരിക്കുന്ന പ്രത്യേക സവിശേഷതകളോ അവകാശങ്ങളോ പോലും ജമ്മു കശ്മീര്‍ അർഹിക്കുന്നില്ല. പതിറ്റാണ്ടുകളായി ജനാധിപത്യവും സ്വയംഭരണവും നിഷേധിക്കുന്നതിന്റെ നിയമപരമായ ന്യായീകരണമായിരിക്കുന്നു ഇത്.
ഫെഡറൽ ഘടനയെ തകർക്കുന്ന വിധിയില്‍, ജനാധിപത്യത്തിന്റെ കാവലാളെന്ന നിലയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾക്ക് വഴികാട്ടേണ്ട ഭരണഘടനയെ പരണത്തുവച്ചു. മതേതര, ഫെഡറൽ ജനാധിപത്യ തത്വങ്ങൾ വംശീയതയുടെ കരാളഹസ്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കഷണങ്ങളായി കീറിയെറിഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു.

 


ഇതുകൂടി വായിക്കൂ;  ജനാധിപത്യത്തില്‍ പുറത്താക്കപ്പെടുന്ന ജനം


 

നീതിപീഠമാണ് തീരുമാനമെടുത്തത്. അതോടെ അനുച്ഛേദം 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം നിലനിൽക്കും. സുപ്രീം കോടതിയുടെ വിധി നിയമ വ്യവസ്ഥിതിയോടുള്ള വിശ്വാസവും ബഹുമാനവും ഇല്ലാതാക്കുന്നു. അത് സ്വയാര്‍ജിത നിലപാടുകളെ തിരസ്കരിക്കുന്നു. അത് ഫെഡറലിസത്തെ സംരക്ഷിക്കുന്നില്ല, ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുമില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടേണ്ട അനിവാര്യതയില്‍ നിന്ന് സുപ്രീം കോടതി സർക്കാരിനെ മോചിപ്പിച്ചു. കോടതിയുടെ നിലപാട് ഇങ്ങനെയാണ്: “താല്‍ക്കാലികം പരിവർത്തിതം പ്രത്യേക വ്യവസ്ഥകള്‍” എന്ന തലക്കെട്ടിൽ ഭരണഘടനയുടെ 21-ാം ഭാഗത്തിലാണ് അനുച്ഛേദം 370 ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ അനുച്ഛേദം ഒരിക്കലും ശാശ്വതമായിരിക്കണമെന്നില്ല. അതുകൊണ്ട് കശ്മീരിനെക്കുറിച്ചുള്ള ആ അധ്യായം അവസാനിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിട്ട് പതിറ്റാണ്ടുകളായി. ഈ കാലയളവില്‍ കശ്മീരിലെ നിയമങ്ങൾ രാജ്യത്തിന്റെ ഇതരഭാഗങ്ങളുടേതുമായി ക്രമാനുഗതമായി പൊരുത്തപ്പെടുത്തുകയാണ്. അതിനാൽ സർക്കാർ വാദിച്ചതുപോലെ, അനുച്ഛേദം 370 മുഖേനയുള്ള സ്വയംഭരണാവകാശം ‘പടിപടിയായി ഇല്ലാതാക്കപ്പെട്ടു’. കോടതിവിധി ജനാധിപത്യത്തിന്റെ ആമുഖത്തെ നശിപ്പിക്കുന്ന ഭൂരിപക്ഷത്തിന്റെ നിയമമാതൃകയാകുകയാണിവിടെ. നാനാത്വത്തിൽ ഏകത്വം, സംയോജിത സംസ്കാരം തുടങ്ങിയ ചരിത്രങ്ങളുടെ അട്ടിമറിയുടെ സൂചകം കൂടിയാണ് വിധി. ഒരു സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കുമ്പോൾ, നിയമനിർമ്മാണത്തിലോ അല്ലാതെയോ ഏത് തീരുമാനവും എടുക്കാമെന്നും അടിവര ചാര്‍ത്തി നല്‍കുന്നു വിധി. കോടതിയിൽ നിന്ന് ഫെഡറലിസത്തിനെതിരെ നേരിട്ട മാരകമായ ആക്രമണമായിരിക്കുന്നു ഇത്. രാഷ്ട്രപതി ഭരണത്തില്‍ തീരുമാനങ്ങൾ എടുക്കുന്നു, ആ തീരുമാനങ്ങൾക്ക് കോടതിയുടെ അനുമതിയുണ്ടാകുന്നു എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. തന്റെയും തീവ്രഹിന്ദുത്വ സഹപ്രവർത്തകരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രതിപക്ഷ സർക്കാരുകളെ മറിച്ചിടാൻ, കോടതി വിധി നൽകിയ സ്വാതന്ത്ര്യം മോഡി ഉപയോഗിക്കാൻ തുടങ്ങുന്നതിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.