Site icon Janayugom Online

സംസ്ഥാനത്ത് ഒമ്പത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വരുന്നു

സംസ്ഥാനത്ത് ഒമ്പത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും രണ്ട് മത്സ്യ മൊത്തവിപണന കേന്ദ്രങ്ങളും വരുന്നു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് തീരദേശ വികസന കോർപറേഷനാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾക്കും മത്സ്യ മൊത്തവിപണന കേന്ദ്രങ്ങൾക്കുമായി ആകെ ചെലവ് 164.47 കോടി രൂപയാണ്. ഇതിൽ 90.13 കോടി കേന്ദ്ര വിഹിതവും 74.34 കോടി സംസ്ഥാന സർക്കാർ വിഹിതവുമാണ്. പ്രധാനമന്ത്രി സമ്പദ് യോജനയിലാണ് പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ചെല്ലാനം, നായരമ്പലം, ആലപ്പുഴയിലെ ആറാട്ടുപുഴ, തൃശൂരിലെ എടക്കഴിയൂർ, മലപ്പുറം ജില്ലയിലെ താനൂർ, പൊന്നാനി, കോഴിക്കോട്ടെ ചാലിയം, കണ്ണൂർ ജില്ലയിൽപ്പെട്ട ചാലിൽ ഗോപാലപ്പേട്ട, കാസർകോട്ടെ ഷിറിയ എന്നീ കേന്ദ്രങ്ങളാണ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒമ്പത് ഗ്രാമങ്ങളുടെ പൂർത്തീകരണത്തിനായി 61.06 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 31.19 കോടി കേന്ദ്രവും 29.67 കോടി സംസ്ഥാനവും വഹിക്കും. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളോടൊപ്പം അനുമതിയായ മത്സ്യ മൊത്തവിപണന കേന്ദ്രങ്ങളിൽ ഒന്ന് ആലുവയിലും അടുത്തത് കോഴിക്കോടുമാണ്. ആലുവയിലേതിന് 42.24, കോഴിക്കോട് കേന്ദ്രത്തിന് 55.17 കോടി രൂപവീതം ആകെ ചെലവാകുന്ന 103.41 കോടിയിൽ കേന്ദ്ര വിഹിതം 58.94 കോടി രൂപയാണ്. 

സംസ്ഥാനത്തിന്റേത് 44.46 കോടിയും. 580 കിലോമീറ്ററാണ് സംസ്ഥാനത്തെ തീരമേഖലയുടെ നീളം.
സമുദ്ര മത്സ്യ ഉല്പാദനത്തിൽ മുൻപന്തിയിലുള്ളത് കൊല്ലം ജില്ലയും ഉൾനാടൻ മത്സ്യ ഉല്പാദനത്തിൽ ഒന്നാമത് ആലപ്പുഴ, കോട്ടയം ജില്ലകളുമാണ്. സമുദ്ര മത്സ്യ ഉല്പാദനത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എറണാകുളം, കണ്ണൂർ ജില്ലകളും ഉൾനാടൻ മത്സ്യ ഉല്പാദനത്തിൽ തൃശൂർ, എറണാകുളം ജില്ലകളുമാണ്. മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് കൊല്ലവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആലപ്പുഴയും എറണാകുളവുമാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ളത്. 

Eng­lish Summary:There are nine fish­ing vil­lages in the state

You may also like this video

Exit mobile version