Site iconSite icon Janayugom Online

സരോജിനിയുടെ കൊലപാതകത്തിന് ഇലന്തൂര്‍ നരബലിയുമായി ബന്ധിപ്പിക്കുന്ന സൂചനകളില്ല

sarojinisarojini

ഒമ്പതു വർഷം മുൻപ് നടന്ന സരോജിനിയുടെ കൊലപാതകത്തിന് ഇലന്തൂര്‍ നരബലിയുമായി ബന്ധിപ്പിക്കുന്ന സൂചനകളില്ലെന്ന് അന്വേഷണ സംഘം. സരോജിനിയുടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇലന്തൂർ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ മൊഴിയെടുത്തു. തിരുവല്ല ക്രൈംബ്രാഞ്ച് ഹോമിസൈഡ് വിഭാഗം യൂണിറ്റ് ഡിവൈഎസ്|പി കെ ആർ പ്രതീകിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്വാഭാവികമായ ഒരു നടപടി മാത്രമാണിതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. സരോജിനിയുടെ കൊലപാതകവും ഇലന്തൂർ കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മൊഴി എടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ പതിവ് നടപടി ക്രമം മാത്രമാണിതെന്നും രണ്ടു സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാലദൈര്‍ഘ്യം വെച്ചു നോക്കുമ്പോൾ ഇരു കേസുകളുമായി വിദൂരബന്ധം പോലുമില്ലെന്ന് നേരത്തേ് ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് ഇൻസ്പെകറും നിലവിൽ പത്തനംതിട്ട ഡിവൈഎസ്‌പിയുമായ എസ് നന്ദകുമാർ പറഞ്ഞു. 2014 ലാണ് സരോജിനിയുടെ കൊലപാതകം നടന്നത്.
ഇലന്തൂർ ഇരട്ടക്കൊല അതിനും എട്ടു വർഷത്തിന് ശേഷമാണ് നടക്കുന്നത്. ലൈലയും ഭഗവൽസിങും മുഖ്യപ്രതി ഷാഫിയുമായി പരിചയപ്പെടുന്നതു പോലും ഒരു വർഷം മുമ്പ് മാത്രമാണ്. ആ നിലയ്ക്ക് പരിശോധിക്കുമ്പോൾ രണ്ടു സംഭവങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും യോജിക്കുന്നില്ല.

ഈ കേസ് ഏറ്റവുമധികം കാലം അന്വേഷിച്ചതും നന്ദകുമാറാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ കാരണം പല പ്രാഥമിക തെളിവുകളും കിട്ടാതെ വന്നതു കാരണം അന്വേഷണം അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള അന്വേഷണ സംഘത്തിനും യാതൊരു തുമ്പും കിട്ടിയില്ല. സരോജിനിയുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് നാണക്കേടാണെന്ന് അന്നത്തെ എസ് പി ഡോ ശ്രീനിവാസും പറഞ്ഞിരുന്നു. 2014 സെപ്റ്റംബർ 14 നാണ് മല്ലപ്പുഴശേരി പഞ്ചായത്തിലെ നെല്ലിക്കാല കോളനിയിലെ താമസക്കാരി സരോജനിയുടെ മൃതദേഹം കുളനട — ഇലവുംതിട്ട റോഡിലെ പൈവഴിക്ക് സമീപം കാണപ്പെട്ടത്. ദേഹമാസകലം വെട്ടേറ്റ് രക്തം വാർന്നാണ് മൃതദേഹം കിടന്നത്. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സരോജിനി കാരംവേലിയിലുള്ള ഹോമിയോ ഡോക്ടറുടെ വീട്ടുജോലിക്കാരി ആയിരുന്നു. ദിവസവും രാവിലെ വന്ന് വൈകുന്നേരം മടങ്ങിപ്പോകും. കാരംവേലിയിൽ നിന്നും നെല്ലിക്കാല എത്തി ചെറിയ നടപ്പാത വഴിയാണ് വീട്ടിലേക്ക് പോയിരുന്നത്. പതിവ് പോലെ അന്നും ഇവർ നെല്ലിക്കാല കടക്കുന്നത് കണ്ടവരുണ്ട്. എന്നാൽ രാത്രി ആയിട്ടും ഇവർ വീട്ടിൽ എത്തിയില്ല. ഇതിനടുത്ത് അന്നൊരു വിവാഹവും നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പോയതാകാം എന്ന് ബന്ധുക്കൾ കരുതി.

തൊട്ടടുത്ത ദിവസം പുലർച്ചെ ആറന്മുള‑കുളനട റോഡിൽ പൈവഴിക്കും ഉള്ളന്നൂരിനും മദ്ധ്യേ ഒരു മൃതദേഹം ഇത് വഴി വാഹനത്തിൽ പോയവർ കണ്ടെത്തി. പൊലീസ് എത്തി കൂടുതൽ തെളിവെടുപ്പിലാണ് ഇത് സരോജിനി ആണെന്ന് വ്യക്തമായത്. പിന്നീട് അടൂർ ഡിവൈഎസ്‌പി നസീമിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു. ഭർത്താവിനെയും കുടുംബക്കാരെയും മുഴുവൻ ദിവസങ്ങളോളം ചോദ്യം ചെയ്തു. സരോജനിക്ക് ജോലി കൊടുത്ത ഡോക്ടറെയും ചോദ്യം ചെയ്തു. സരോജിനിയെ കാണാതായ ദിവസം സമീപത്ത് വിവാഹ ചടങ്ങിന് എത്തിയവരെയും ചോദ്യം ചെയ്തെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്തുമ്പോൾ 48 മുറിവുകൾ ഉണ്ടായിരുന്നു. ഒരു കൈ അറ്റ നിലയിൽ ശരീരത്തു നിന്നും രക്തം പൂർണ്ണമായും ഒഴുകി പോയ സ്ഥിതിയിലുമായിരുന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സരോജിനിയുടെ മരണം കൂടി ഉൾപ്പെടുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. 

Eng­lish Sum­ma­ry: There are no clues link­ing Saro­jini’s mur­der with the Elan­tur human sacrifice

You may also like this video

Exit mobile version