Site iconSite icon Janayugom Online

സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷം ചെയ്യും; രാഹുൽ മാങ്കൂട്ടത്തിന്റെ രാജിക്കായി കോൺഗ്രസിൽ മുറവിളി

രാഹുൽ മാങ്കൂട്ടത്തിന്റെ രാജിക്കായി കോൺഗ്രസിൽ മുറവിളി. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടേയും അഭിപ്രായം. ഓരോ ദിവസം കഴിയുംതോറും നിരവധി ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയരുന്നത്. കോൺഗ്രസ് നേതാവായ മുൻ എംപിയുടെ മകളോട് ഉള്‍പ്പെടെ രാഹുൽ മോശമായി പെരുമാറിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ ഹൈക്കമാൻഡിന് ഉള്‍പ്പെടെ പരാതി നൽകിയിരുന്നു.

രാഹുലുമായി അടുപ്പം പുലർത്തിയിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പല നേതാക്കൾക്കും എംഎൽഎ സ്ഥാനം നിലനിർത്തുന്നതിൽ വിയോജിപ്പ് ഉണ്ട്. ഷാഫി പറമ്പിൽ ഒഴികെയുള്ള എ ഗ്രൂപ്പ് നേതാക്കൾക്കും ഇതേ അഭിപ്രായമാണുള്ളത്. അവസരങ്ങൾ നൽകിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് അവർ. ചാറ്റുകളിലെ രാഹുലിന്റെ പ്രതികരണങ്ങൾ സ്ത്രീകളുടെ അന്തസ്സിനെത്തന്നെ ഇടിച്ചു താഴ്ത്തുന്നതാണെന്നും അങ്ങനെയൊരാൾ നിയമസഭാകക്ഷിയുടെ ഭാഗമായി തുടരാൻ അനുവദിക്കരുതെന്നുമുള്ള സമ്മർദം നേതൃത്വത്തിനുമേലുണ്ട്. നിയമസഭാ സമ്മേളനം അടുത്ത മാസം 15ന് ആരംഭിക്കുകയുമാണ്. 

Exit mobile version