Site iconSite icon Janayugom Online

ബലാത്സം​ഗ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട് ; വേടൻ

തനിക്കെതിരരെയുള്ള ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടന്റെ പ്രതികരണം. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. ഗവേഷക വിദ്യാർത്ഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയപ്പോള്‍ വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം. കേസ് നിലനിൽക്കുന്നതിനാല്‍ സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗ കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് തൃക്കാക്കര പൊലീസ് വേടനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനാൽ വേടനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. യുവഡോക്ടര്‍ നൽകിയ പരാതിയിലാണ് ഇന്നലെ വേടൻ ഹാജരായത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന് വേടന്‍ നല്‍കിയ മൊഴി.

Exit mobile version