കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ആയിരക്കണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പരാതി ഉയരുന്നു. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച അധ്യാപക തസ്തികകൾ കൂടി പരിഗണിച്ചാൽ പ്രൈമറിയിൽ മാത്രം 4368 ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഹൈസ്കൂൾ തലത്തിലും നികത്താത്ത ഒഴിവുകൾ ധാരാളമുണ്ട്. ഹൈസ്കൂളുകളിൽ, എല്ലാം കൂടി 1500റിലധികം വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹയർ സെക്കന്‍ഡറി തലത്തിൽ സീനിയർ അധ്യാപകരായി വിരമിച്ചവരുടെ ഒഴിവുകൾ കൂടാതെ, കഴിഞ്ഞ അക്കാദമിക വർഷം സീനിയറായി സ്ഥാനക്കയറ്റം നൽകിയ ജൂനിയർ അധ്യാപകരുടെ ഒഴിവുകളും നിലനിൽക്കുന്നു. എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങൾക്കായി കോടതി നൽകിയ ഉത്തരവിനെ തുടർന്ന്, പുതിയ നിയമനാംഗീകാരങ്ങൾ ആകെ തടസപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ സ്കൂളുകളിൽ പുതിയ നിയമനം പ്രതീക്ഷിച്ച് നൂറു കണക്കിന് ചെറുപ്പക്കാരായ അധ്യാപകർ, സര്‍ക്കാരിന്റേതായ നിയമനാംഗീകാരമോ, ശമ്പളമോ ഇല്ലാതെ, മാനേജ്മെന്റിന്റെ നിര്‍ദേശാനുസരണം പ്രവർത്തിക്കുന്നു എന്നത് ആശ്വാസമാണ്. എന്നാല്‍ കോർപറേറ്റ് മാനേജ്മെന്റ് വിദ്യാലയങ്ങളിൽ ഈ സാഹചര്യവുമില്ല.
ഇതുകൂടി വായിക്കൂ: രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കരണം
സംസ്ഥാനത്തെ ഡയറ്റുകൾ എന്നറിയപ്പെടുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളിൽ നാന്നൂറിലധികം അധ്യാപകർ വേണ്ടിടത്ത് കേവലം 68 പേരാണ് നിലവിൽ പ്രവർത്തിക്കുന്നത്. അധ്യാപക ഒഴിവുകൾ താല്കാലികമായി നികത്താൻ സർക്കാർ ഉത്തരവ് നൽകിയെന്നാണ് വിവരം. എന്നാൽ അത് വേണ്ടത്ര ഫലപ്രദമാകാത്ത മേഖലകളുണ്ട്. മലയോര, ആദിവാസി മേഖലകളിലും തീരപ്രദേശത്തുമുള്ള വിദ്യാലയങ്ങളിൽ താല്കാലികമായി പോലും പലയിടത്തും അധ്യാപകരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. പബ്ലിക് സർവീസ് കമ്മിഷൻ ലോവർ പ്രൈമറി അധ്യാപകരുടെ റാങ്ക് പട്ടിക മിക്ക ജില്ലകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽനിന്ന് നിയമനം നൽകാൻ കാലവിളംബം അരുത്. ഹൈ സ്കൂൾ, ഹയർ സെക്കന്‍ഡറി ഒഴിവുകൾ സ്ഥിരമായി നികത്താൻ ഏറെ കാത്തിരിക്കേണ്ടതായി വരുമെന്നാണ് അധ്യാപക സമൂഹത്തിന്റെ ആശങ്ക. അപ്പർ പ്രൈമറി തലത്തിലെ നിയമന പട്ടിക തയാറാക്കാൻ ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജില്ലകളിൽ പുരോഗമിക്കുന്നുണ്ട്. നാല് മാസക്കാലത്തിനകം ലിസ്റ്റ് പ്രസിദ്ധീകരിക്കാനായാൽ ഗുണം ചെയ്യും.
ഇതുകൂടി വായിക്കൂ: കോവിഡാനന്തര വിദ്യാഭ്യാസം
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2010ൽ നടപ്പിലായ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ആറുമുതൽ 14 വയസുവരെയുള്ള കുട്ടികളുടെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ നിയമം നമുക്കു മുന്നിലുള്ള ചൂണ്ടുപലകയാണ്. ഇതനുസരിച്ച്, യോഗ്യതയുള്ള അധ്യാപകരുടെ സേവനവും ശിക്ഷണവും രാജ്യത്തെ ഓരോ കുട്ടിയുടെയും അവകാശമാണ്. ഈ നിയമം നടപ്പാക്കുന്ന ഘട്ടത്തിൽ, ഇതിലെ നിർദേശങ്ങൾ വളരെ മുമ്പേ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്ന് നാം അഭിമാനിച്ചിരുന്നു. ഇപ്പോൾ ചർച്ച ചെയ്യുന്ന നമ്മുടെ വിദ്യാലയങ്ങളിലെ രൂക്ഷമായ അധ്യാപക ക്ഷാമം കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ല. കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളും വളരെ രൂക്ഷമായ അധ്യാപക ക്ഷാമം നേരിടുന്നുണ്ട്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവമാണ് ആ സംസ്ഥാനങ്ങളുടെ പ്രശ്നം. അങ്ങനെ ഒരവസ്ഥ കേരളത്തിലില്ല. യോഗ്യരായ ആളുകളെ യഥാസമയം ഉപയോഗപ്പെടുത്താൻ ശ്രമിക്കാത്തതാണ് നമ്മുടെ പ്രശ്നം.
ഇതുകൂടി വായിക്കൂ: മറുകര തേടുന്ന മെഡിക്കൽ വിദ്യാഭ്യാസം
നവലിബറൽ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാനാകണം. ഇതൊരു രാഷ്ട്രീയ ബദലും ജനകീയ വിദ്യാഭ്യാസ പ്രവർത്തന മാതൃകയുമായി പൊതുവേ വിലയിരുത്തി കഴിഞ്ഞുവെന്ന കാര്യം നാം വിസ്മരിക്കരുത്. ദേശീയ തലത്തിൽ നടന്നിട്ടുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) ഉൾപ്പെടെ നമ്മുടെ പുരോഗതിയെ അടിവരയിടുന്നത് എല്ലാ മലയാളികൾക്കും അഭിമാനം പകർന്നിട്ടുണ്ട്. രണ്ടാം ഇടതുപക്ഷ മുന്നണി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ 7000ത്തിലധികം അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകിയ തീരുമാനം ആവേശപൂർവം നാം ആഘോഷിച്ചതാണ്. ഓരോ വർഷവും ഉണ്ടാകുന്ന അധ്യാപകരുടെ ഒഴിവുകൾ എത്രയെന്ന് മുൻകൂട്ടി കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല. ജൂണിന് മുമ്പു തന്നെ അവ നികത്താനുള്ള നടപടികള്‍ ആസൂത്രണം ചെയ്യണം. പബ്ലിക് സർവീസ് കമ്മിഷനെ വരാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി അറിയിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കാൻ സർക്കാർ നിർദേശിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങളിൽ നല്ല ജാഗ്രത പുലർത്തണം. അധ്യയന വർഷം ആരംഭിച്ച് പ്രതീക്ഷയോടെ കുട്ടികളും രക്ഷിതാക്കളും വിദ്യാലയങ്ങളിലേക്കെത്തുമ്പോള്‍, യോഗ്യരായ സ്ഥിരം അധ്യാപകരെ ആവശ്യത്തിന് സ്കൂളുകളിൽ ഉറപ്പാക്കാനായില്ലെങ്കിൽ അതൊരു ന്യൂനത തന്നെയാണ്. വരുംകാലത്ത് ആവർത്തിക്കാനിടവരരുതാത്ത ന്യൂനതയായി ഇതിനെ കാണാനും മുൻകൂട്ടി നടപടി സ്വീകരിക്കാനും ശ്രദ്ധിക്കണം.
You may also like this video;