15 October 2024, Tuesday
KSFE Galaxy Chits Banner 2

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്‌കരണം

Janayugom Webdesk
ദുബൈ
May 23, 2022 10:07 am

ഭാവിയുടെ തൊഴിലിടങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വിദ്യാസമ്പന്നരെ സൃഷ്ടിച്ചെടുക്കലാണ് മാറ്റങ്ങളുടെ ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഭാവി സാധ്യതകള്‍ മുന്നില്‍കണ്ട് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സമൂല പരിഷ്‌കരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിലുടനീളം ഘടനാപരമായ പരിവര്‍ത്തനം പുതിയ തീരുമാനത്തിലൂടെയുണ്ടാകും. സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുകയും ബാല്യകാല വ്യക്തിത്വ വികാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ പ്രസിഡന്റ്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായി കൂടിയാലോചിച്ചാണ് പരിഷ്‌കരണവും മന്ത്രിമാരുടെ മാറ്റവും തീരുമാനിച്ചത്.

അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായിരിക്കുന്നത്. നിലവില്‍ സംരംഭകത്വ- ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രിയാണ് ഫലാസി. പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികവിദ്യ സഹമന്ത്രിയായി സാറ അല്‍ അമീരിയെയും നിയമിച്ചു. ഇവര്‍ നിലവില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സഹമന്ത്രിയാണ്. യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചുക്കാന്‍ പിടിച്ച സാറ അല്‍ അമീരിയെ പൊതുവിദ്യാലയങ്ങളെ നവീകരിക്കുന്ന സമഗ്രമായ പദ്ധതി വികസിപ്പിക്കാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സാറാ അല്‍ മുസല്ലമിനെ പ്രാഥമിക വിദ്യാഭ്യാസ സഹമന്ത്രി. പുതുതായി പ്രഖ്യാപിച്ച ഫെഡറല്‍ അതോറിറ്റി ഫോര്‍ ഏര്‍ളി എജുക്കേഷന്‍ വകുപ്പിന്റെ മേല്‍നോട്ടമാണ് ഇവര്‍ വഹിക്കുക.

ജനനം മുതല്‍ നാലാം ക്ലാസില്‍ എത്തുന്നത് വരെ ഒരു കുട്ടിയെ പരിപാലിക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനാണ് വകുപ്പ് രൂപവത്കരിച്ചത്. ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ- മാനവ വിഭവശേഷി കൗണ്‍സിലിന്റെ പുനഃക്രമീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഭാവി പദ്ധതിക്ക് കൗണ്‍സില്‍ മേല്‍നോട്ടം വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.

Eng­lish sum­ma­ry; Rad­i­cal reforms in the field of edu­ca­tion in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.