Site iconSite icon Janayugom Online

മുന്‍ഗണനേതര വിഭാഗത്തിന് ഗോതമ്പ് വിഹിതമില്ല

സംസ്ഥാനത്തെ 50 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ക്ക് നല്കുന്നതിന് അനുവദിച്ചിരുന്ന ഗോതമ്പ് വിഹിതം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കി.
സംസ്ഥാന സര്‍ക്കാരിന് ടൈഡ് ഓവര്‍ വിഹിതമായി നല്‍കിവന്നിരുന്ന ഗോതമ്പ് വിഹിതമാണ് അവസാനിപ്പിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 92 ലക്ഷം കാര്‍ഡുടമകളില്‍ മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട 50 ലക്ഷം കുടുംബങ്ങള്‍ക്ക് ഇത് മൂലം റേഷന്‍കടകളില്‍ നിന്നും ഗോതമ്പ് നല്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകും.

6459.074 മെട്രിക് ടണ്‍ ഗോതമ്പാണ് ഒരു മാസം കേരളത്തിന് ടൈഡ് ഓവര്‍ വിഹിതമായി കേന്ദ്രം നല്‍കിയിരുന്നത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ നിരന്തരമായ വെട്ടിക്കുറവ് വരുത്തിയതിന് പുറമെയാണ് കേന്ദ്രം ടൈഡ് ഓവര്‍ വിഹിതത്തിലുള്ള ഗോതമ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നത്.
സാര്‍വത്രികമായ റേഷന്‍ സമ്പ്രദായം നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലായതോടുകൂടി റേഷന് അര്‍ഹതപ്പെട്ടവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 43 ശതമാനമായി ചുരുങ്ങി. 1,54,80,040 പേര്‍ മാത്രമാണ് ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം കേരളത്തില്‍ റേഷന് അര്‍ഹരായിട്ടുള്ളത്. ടൈഡ് ഓവര്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുവന്നിരുന്ന അരിയും ഗോതമ്പുമാണ് മുന്‍ഗണനേതര വിഭാഗത്തിന് (നീല‑വെള്ള കാര്‍ഡുകള്‍) ചെറിയ അളവിലെങ്കിലും നല്‍കിയിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടി സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഇക്കാര്യത്തിലുള്ള ജനവികാരം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായാണ് കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: There is no allot­ment of wheat to the non-pri­or­i­ty category

You may like this video also

Exit mobile version